വല്ലാത്തൊരു ട്വിസ്റ്റ്... ഉത്ര വധക്കേസില്‍ വളരെ പെട്ടെന്ന് വിധി നടപ്പിലാക്കിയപ്പോള്‍ വളരെയേറെ ചോദ്യങ്ങളും ബാക്കി; സൂരജ് നൈസായി രക്ഷപ്പെടുമോയെന്ന് ആശങ്ക; തെളിവുകളില്ല, അപക്വമായ വിധി അപ്പീല്‍ പോകുമെന്ന് സൂരജിന്റെ അഭിഭാഷകന്‍; അഡ്വ. ആളൂരിനെപ്പോലെയുള്ള വക്കീല്‍ എത്തുമോയെന്ന ചോദ്യം ബാക്കി

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ലഭിച്ചിരിക്കുകയാണ്. ഉത്രയുടെ വീട്ടുകാരും സൂരജിന്റെ അഭിഭാഷകരും ഈ വിധിയില്‍ തൃപ്തരല്ല. സൂരജിന് കിട്ടിയ ശിക്ഷ കുറവെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്.
അതേസമയം ഉത്ര വധക്കേസ് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതി സൂരജിന്റെ അഭിഭാഷകനും വ്യക്തമാക്കി. ധാര്‍മികമായ ശിക്ഷാവിധിയാണ് കോടതി നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക് കുമാര്‍ പറഞ്ഞു. കോടതിവിധി നിയമപരമായി നിലനില്‍ക്കുന്നതല്ല. അപക്വമായ വിധിയാണിത്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചത്. പൊതുജനവികാരം കണക്കിലെടുത്ത് കോടതി ധാര്‍മികമായ ശിക്ഷാവിധിയാണ് നടത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചല്‍ ഏറം 'വിഷു'വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിന് പത്തും തെളിവ് നശിപ്പിച്ചതിന് ഏഴും വര്‍ഷം തടവ്. സൂരജ് 5.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
അതേസമയം സൂരജ് നൈസായി രക്ഷപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അഡ്വ. ആളൂരിനെപ്പോലെയുള്ള വക്കീലന്‍മാര്‍ വന്നാല്‍ കേസിന് ട്വിസ്റ്റുണ്ടാകുമെന്നാണ് സൂരജിന്റെ ആള്‍ക്കാര്‍ കരുതുന്നത്. താന്‍ കുറ്റക്കാരനല്ലെന്നാണ് വിധി കഴിഞ്ഞും സൂരജ് പ്രതികരിച്ചത്.
പൊലീസ് വീഴ്ച വരുത്തിയ കേസിനു ക്രൈംബ്രാഞ്ച് അന്വേഷണമാണ് ജീവന്‍ നല്‍കിയത്. ഉത്ര വധക്കേസില്‍ ആദ്യ ഘട്ടത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം വീഴ്ചകളുടേതായിരുന്നു. ഉത്ര മരിച്ചതായി കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ്. യഥാസമയം തെളിവുകള്‍ ശേഖരിക്കാന്‍ ലോക്കല്‍ പൊലീസിനു കഴിഞ്ഞില്ല. അന്വേഷണം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏറ്റെടുത്തില്ല.
ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ തെളിവുകളും കൃത്യമായി ലഭിച്ചില്ല. പരാതിയെത്തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ 22ന് കേസ് ഏറ്റെടുത്തു. 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി സൂരജിന്റെ തന്ത്രങ്ങള്‍ പൊളിച്ചു.
ഉത്രയുടെ അഞ്ചലിലെ വീട്ടിനുള്ളില്‍ ജനല്‍ വഴി പാമ്പ് കടന്നെന്നാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ ജനലിലൂടെയോ വാതിലിലുടെയോ കടക്കാന്‍ മൂര്‍ഖനു കഴിയില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. പ്രായപൂര്‍ത്തിയായ 152 സെമി നീളമുള്ള മൂര്‍ഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈലുകള്‍ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ആരെങ്കിലും ഭയപ്പെടുത്തി ഓടിച്ചു വിട്ടാല്‍ മാത്രമേ സാധ്യതയുള്ളൂ. സൂരജിന്റെ അടൂര്‍ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയില്‍ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്റെയും (ന്യൂറോടോക്‌സിക് വെനം) അണലിയുടെയും (ഹിമോടോക്‌സിക് വെനം) വിഷ സാന്നിധ്യം ഉണ്ട്.
ഇരു വീടുകളിലും സന്ദര്‍ശനം നടത്തിയ സംഘം വീടിന്റെയും കിടപ്പുമുറികളുടെയും രൂപരേഖ തയാറാക്കി. ശാസ്ത്രീയമായ വിവര ശേഖരണവും നടത്തി. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ഡമ്മി പരീക്ഷണവും മറ്റു ശാസ്ത്രീയ സാഹചര്യ തെളിവുകളും സൂരജിന് എതിരായതോടെ കേസ് അന്വേഷണം സുഗമമായി.
ക്രൂരതയുടെ പര്യായമായിരുന്നു സൂരജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉത്ര പാമ്പുകടിയേറ്റു മരിച്ചെന്നു വരുത്തി സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമം. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തില്‍ അവകാശം ഉന്നയിച്ചു വഴക്കിട്ടതോടെയാണു ഉത്രയുടെ മാതാപിതാക്കള്‍ കൊലപാതകം ആരോപിച്ചു രംഗത്തുവന്നത്. അതോടെയാണ് കുടുങ്ങിയത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha