ഇനാരമോളുടെ പുഞ്ചിരി മായാതിരിക്കാന്‍ കൈകോര്‍ത്ത് കേരളവും കര്‍ണാടകയും; വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍നിന്ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെത്തിയത് വെറും നാല് മണിക്കൂർ കൊണ്ട്, കൈകോർത്ത് ജനങ്ങൾ....

വീണ്ടും കൈകോർത്ത് കേരളവും കർണാടകയും. ഇനാരമോളുടെ പുഞ്ചിരി മായാതിരിക്കാന്‍ നാല് മണിക്കൂർ നാടും നഗരവും ഉണർന്ന് പ്രവർത്തിച്ചു. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍നിന്ന് ഏവരുടെയും സഹകരണത്തോടെ നാലുമണിക്കൂര്കൊണ്ടാണ് റോഡുമാര്‍ഗം ആംബുലന്‍സില്‍ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചേർന്നത്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗത്തിന്റെ പിടിയിലായ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ഒമ്പത് മാസം പ്രായമുള്ള ഇനാരമോളെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരളത്തിലെയും കര്‍ണാടകയിലെയും റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സിന് ഏവരും വഴിയൊരുക്കിയത്. ബംഗളൂരു കെ.എം.സി.സി ആംബുലന്‍സാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.55ഓടെയാണ് ആംബുലന്‍സ് കണ്ണൂരിലെ ആശുപത്രിയില്‍നിന്ന് പുറപ്പെട്ടത്. കേരള എമര്‍ജന്‍സി ടീമും പൊലീസും സുഗമമായ വഴിയൊരുക്കുകയായിരുന്നു. മട്ടന്നൂര്‍-ഇരിട്ടി മാക്കൂട്ടം വഴിയാണ് ബംഗളൂരുവിലെത്തിച്ചേർന്നത്. ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ഹനീഫയാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്താൻ സഹായിച്ചത്. ആംബുലന്‍സ് ഇന്‍ചാര്‍ജ് സലീം ടര്‍ളി, ജംഷീദ് എന്നിവരും കുഞ്ഞിന്റെ മാതാപിതാക്കളും വാഹനത്തിൽ ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ കര്‍ണാടകയില്‍ പൊലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. ബംഗളൂരു കെ.എം.സി.സി ജന.സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിലാണ് യാത്രക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ കുട്ടിയെ മണിപ്പാലിലെ ആശുപത്രിയിലെത്തിക്കാന്‍ മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയായിരുന്നു. വിമാനമാര്‍ഗം പ്രാവര്ത്തികമാകില്ലെന്നറിഞ്ഞതോടെയാണ് ഇവർ ആംബുലന്‍സ് തെരഞ്ഞെടുത്തത്.
അതേസമയം ഇനാരമോളുടെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1.50 കോടി രൂപ മാത്രമാണ് ഇതുവരെ സ്വരൂപിക്കാൻ കഴിഞ്ഞത്. ജീവന് രക്ഷിക്കാനായി ലോകത്തെ ഏറ്റവും വിലയേറിയ മരുന്ന് ലഭ്യമാക്കാനായി 15 കോടിരൂപ ഇനിയും ആവശ്യമാണ്. ഇനിയും വറ്റാത്ത മനുഷ്യനന്മയിലാണ് കുഞ്ഞിന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ. ആയതിനാൽ തന്നെ ഏവരും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും.
https://www.facebook.com/Malayalivartha























