മതില്‍ വീണ് വീട് തകര്‍ന്നു; 22 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു, അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തിയത് ഒന്നരമണിക്കൂറിലധികം പരിശ്രമിച്ചതിന് ശേഷം

മുടവന്‍മുകള്‍ ചിറ്റൂര്‍ക്കോണം പാലസ് റോഡില്‍ സമീപവാസിയുടെ മതില്‍ ഇടിഞ്ഞുവീണു വീട് തകര്‍ന്നു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതില്‍ 22 ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം നടന്നത്. ഷീറ്റുമേഞ്ഞ വീടാണ് മതില്‍വീണ് തകര്‍ന്നത്. ചിറ്റൂര്‍ക്കോണം സ്വദേശികളായ ബിനു (35), ഉണ്ണിക്കൃഷ്ണന്‍ (26), ലീല (80), സന്ധ്യ (23), മകന്‍ ജിതിന്‍ (4), 22 ദിവസം പ്രായമുള്ള മാളു എന്നിവരാണ് വാടക വീടിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ലീല, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.
രവീന്ദ്രന്‍ നായരുടെ 25 അടി ഉയരമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി വീടിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കനമുള്ള കോണ്‍ക്രീറ്റിനടിയില്‍ ഉണ്ണികൃഷ്ണന്‍ പെട്ടുപോയി. ചെങ്കല്‍ച്ചുള്ള ഫയര്‍ഫോഴ്സ് ഓഫിസില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ എസ്.ടി സജിത്ത്, നിതിന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ഒന്നര മണിക്കൂറിലധികം പരിശ്രമിച്ച് മണ്ണ് നീക്കിയും കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുറിച്ചുനീക്കിയുമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. ഇവര്‍ ഇപ്പോള്‍ ബന്ധുവീടുകളില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha























