വനിതാ ഡോക്ടറെ നടുറോഡില്‍ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; യുവ ഡോക്ടർക്ക് രക്ഷയായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ; സംഭവത്തിൽ പരാതിയില്ലെന്ന് യുവതി

വനിതാ ഡോക്ടറെ നടുറോഡില്‍ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സംഭവം നടന്നത്.
റോഡിനരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്നെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ യുവതിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു. നാട്ടുകാര്‍ യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു.
യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും യുവതി പറയുന്നുണ്ടായിരുന്നു. പാറശാല പൊലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടര്‍ സമീപത്തെ ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ്.
യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാല്‍ സ്വദേശിയായ യുവാവ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിന് അല്‍പം മുന്‍പ് ഇരുവരും കാറില്‍ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതി കാറുമായി പോകാന്‍ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ പരാതി നല്‍കാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി പറഞ്ഞു. പൊലീസ് കേസ് എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























