25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു; പിടിയിലായത് ഓഡിയോ - വിഡിയോ ഓഫീസറായ ജി.വിനോദ് കുമാർ

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഓഡിയോ- വിഡിയോ ഓഫീസറായ ജി.വിനോദ് കുമാറിനെയാണ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്ത് കാറില്‍വച്ച് 25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്നു വിജിലന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിവൈഎസ്‌പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാരിനുവേണ്ടി ഓഡിയോ- വിഡിയോ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു നല്‍കിയ വകയില്‍ 21 ലക്ഷം രൂപയുടെ ബില്‍ നല്‍കാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബില്‍ മാറി നല്‍കിയില്ല.
നല്‍കേണ്ട തുകയുടെ 15 % തുകയായ 3.75 ലക്ഷംരൂപ നല്‍കിയാല്‍ ബില്‍ മാറാമെന്ന് വിനോദ് കുമാര്‍ അറിച്ചു. തുടര്‍ന്ന്, രതീഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000രൂപ കൈമാറുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























