ഷോക്കേറ്റ് കണ്മുന്നിൽ പിടഞ്ഞ കൂട്ടുകാരനെ ചേർത്തുപിടിച്ചു.... മരണത്തിൽ അവർ ഒന്നിച്ചു: സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട നൽകി നാട്

കൊല്ലം നെടുമണ്‍കാവില്‍ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. നാലാം വര്‍ഷ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് പള്ളിക്കര പാക്കംകൂട്ടക്കനിയിലെ അർജുൻ (21), കണ്ണൂർ തില്ലങ്കേരി ബൈത്തുൽ നൂറിൽ കെ. പി. മുഹമ്മദ് റിസാൻ (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നെടുമണ്‍കാവ് വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റില്‍കുളിക്കാനെത്തിയതായിരുന്നു ഇവര്‍. സുഹൃത്തുക്കളായ കാസര്‍കോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹില്‍ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരും ഉണ്ടായിരുന്നു കൂടെ.
നെടുമണ്‍കാവ് ജങ്ഷനിലെ സുരേഷ്‌കുമാറിന്റെ ഓട്ടോയിലാണ് ഇവര്‍ കല്‍ച്ചിറ പള്ളിക്ക് സമീപമെത്തിയത്. അപരിചിതരായ വിദ്യാര്‍ഥികളോട് ആറില്‍ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. കല്‍ച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കള്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ട് തിരികെ കയറി.
പിറകിലായി വന്ന റിസ്‌വാന്‍ കാല്‍വഴുതിയപ്പോള്‍, സ്‌റ്റേ കമ്പി എന്ന് തോന്നിച്ച വൈദ്യുതി ലൈനില്‍ കയറിപ്പിടിച്ചു. ഇത് കണ്ട അര്‍ജുന്‍ സമീപത്തെ കാട്ടില്‍ നിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലും റിസ്‌വാന്റെ പിടിവിടുവിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൈകൊണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുനും ഷോക്കേല്‍ക്കുകയായിരുന്നു.
മറ്റുള്ളവര്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കവെയാണ് സുഹൃത്തുക്കള്‍ അപകടത്തില്‍പെട്ടത് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ വിളിച്ചു പറഞ്ഞാണ് വൈദ്യുതി വിച്ഛേദിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ ഇരുവരും മരിച്ചു. മരണ വാർത്ത അറിഞ്ഞത് മുതൽ തില്ലങ്കേരി പ്രദേശത്തു ദുഃഖമയമായിരുന്നു. പഠനം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ഐടി ജോലിക്കു ക്യാംപസ് സിലക്‌ഷൻ ലഭിച്ചിരിക്കെയാണ് മരണം. റിസാന്റെ മരണ വിവരം വൈകിട്ടോടെയാണ് വീട്ടുകാരെ അറിയിച്ചത്.
അപകടം സംഭവിച്ച് ആശുപത്രിയിൽ ആണെന്ന സന്ദേശമാണ് വീട്ടുകാർക്ക് നൽകിയിരുന്നത്. വീട്ടിലേക്ക് പോയവരെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ഒരാഴ്ച മുമ്പാണ് റിസാൻ കോളജിലേക്കു പോയത്. രാത്രി 10.30ഓടെയായിരുന്നു റിസാന്റെ മൃതദേഹം സ്വദേശമായ തില്ലങ്കേരിയിൽ കൊണ്ടുവന്നത്.
മുഹമ്മദ് റിസാന്റെ വീടായ ബൈത്തുൽനൂറിൽ മാതാപിതാക്കളെയും ബന്ധുക്കളെയും കാണിച്ച ശേഷം തില്ലങ്കേരി ജൂമാ മസ്ജിദ് പരിസരത്ത് പൊതുദർശനത്തിനു വച്ചപ്പോൾ വൻജനാവലി അന്തിമോപചാരം അർപ്പിച്ചു. കണ്ണീരോടെയായിരുന്നു ഒരു നാട് മുഴുവൻ അന്ത്യായാത്ര നൽകിയത്. കാവുമ്പടി ജൂമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കോൺഗ്രസ് നേതാക്കളായ കെ.സി.മുഹമ്മദ് ഫൈസൽ, ചന്ദ്രൻ തില്ലങ്കേരി, പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്, ഷാജഹാൻ മിസ്ബാഹി, ഷാഫി ഹൂദവി, മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുറഹിമാൻ കല്ലായി, അബ്ദുൽ കരീം ചേലേരി, അൻസാരി തില്ലങ്കേരി, നസീർ നല്ലൂർ, സിപിഎം നേതാക്കളായ ടി.കൃഷ്ണൻ, അണിയേരി ചന്ദ്രൻ, മുഹമ്മദ്സിറാജ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
https://www.facebook.com/Malayalivartha
























