സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യ വകുപ്പ്...

സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. നിർജലീകരണം സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. വീടിനുള്ളിൽ വായൂസഞ്ചാരം ഉറപ്പാക്കണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരം ചേർത്തതും കാർബണേറ്റഡുമായ പാനീയങ്ങൾ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക.
ഇവ നിർജലീകരണത്തിന് കാരണമാകാം. പൊള്ളൽ, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധരണ വിയർപ്പ്, കഠിന ദാഹം, മൂത്രത്തിന്റെ അളവ് കുറയൽ, മൂത്രം കടും നിറത്തിലാവൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവയുണ്ടായാൽ ശ്രദ്ധിക്കുകയും വേണം.
"
https://www.facebook.com/Malayalivartha

























