ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി. വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് ഷിജുവിന്റെ പുരയിടത്തിൽ കരിമ്പുലിയെ കണ്ടെത്തിയത്.
ഈ മേഖലയിലെ ഒരു കർഷകന്റെ ആടിനെ പുലി കടിച്ചുകൊന്നതായും സൂചനകളുണ്ട്. പ്രദേശവാസികൾ തന്നെയാണ് കരിമ്പുലിയുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ച് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് കുളത്തുമൺ പേത്തുംപാറ റോഡിൽ വച്ച് സ്കൂൾ ബസിന് മുന്നിൽ കരിമ്പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാരും വിദ്യാർഥികളും പറഞ്ഞിട്ടുണ്ടായിരുന്നു.
ഇതേത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന കർശനമാക്കിയിട്ടുണ്ടായിരുന്നു. മുൻപ് നാല് തവണ ഈ ഭാഗത്തു നിന്ന് പുലിയെ പിടികൂടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























