വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് കഠിനതടവ്. ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹന്‍ (26), രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആര്‍ (29) എന്നിവരെ 10 വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വര്‍ഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
2024 വര്‍ഷം ജൂലായ് മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന അതിജീവിത ക്ഷേത്രത്തില്‍ വച്ചു പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്ത ഒന്നാം പ്രതി അതിജീവിതയേയും ഒപ്പം രണ്ട് കൂട്ടുകാരികളേയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ പെണ്‍കുട്ടികള്‍ക്ക് ഇരുവരും ചേര്‍ന്ന് നിര്‍ബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു. അതിനുശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികള്‍ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതില്‍ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു. എന്നാല്‍ അതിജീവിതയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.
സംഭവദിവസം വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനിയ്ക്ക് ആസ്വസ്ഥതകള്‍ ഉണ്ടായത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മദ്യം നല്‍കി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha

























