ഭാര്യയുടെ ചികിത്സാ സംബന്ധമായി ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് ; യാത്രയ്ക്കിടയിൽ വഴി ചോദിക്കാനെന്ന വ്യാജേനെ രണ്ടു യുവാക്കൾ കൈ കാണിച്ച് നിർത്തി; വണ്ടി നിർത്തിയപ്പോൾ താക്കോൽ ഊരി വാങ്ങിച്ച് ഭീഷണിപ്പെടുത്തി; സീറ്റിൻ്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത് അധ്യാപകനെ തള്ളി താഴത്തിട്ടു ;യുവാക്കൾ ചേർന്ന് തട്ടി പറിച്ചത് രണ്ടുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ; നടുക്കം മാറാതെ അദ്ധ്യാപകൻ

സ്കൂട്ടറിൽസഞ്ചരിക്കുകയായിരുന്ന റിട്ടയേർഡ് അധ്യാപകന്റെ രണ്ടുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ വഴി ചോദിക്കാനെന്ന പേരിൽ വാഹനം കൈ കാണിച്ചു നിർത്തി അപഹരിച്ചു.പാദുവ ശൗര്യാംകുഴിയിൽ ജോസഫിന്റെ (72) പണമാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം.
കിടങ്ങൂർ - പാദുവ റോഡിൽ എഞ്ചിനിയറിങ്ങ് കോളേജിന് സമീപം ചൂരക്കാട്ട് പടിയിൽ വച്ചാണ് മോഷണം നടന്നത്. ഇവിടെ രണ്ട് യുവാക്കൾ വാഹനം വഴി ചോദിക്കാനെന്ന പേരിൽ തടഞ്ഞു നിർത്തി പണം അപഹരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കിടങ്ങൂർ എസ്. ബി. ഐ, കിടങ്ങൂർ സർവ്വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത് ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിൽ ആണ് പണം സൂക്ഷിച്ചിരുന്നത്.
വാഹനം നിർത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോൽ തട്ടിയെടുത്തു . സീറ്റിൻ്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത ശേഷം അധ്യാപകനെ തള്ളി താഴത്തിട്ടു. ശേഷം ഇരുവരും സമീപത്തെ റബ്ബർ തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. ഒരാൾ കാവിമുണ്ടും ഷർട്ടും മറ്റൊരാൾ പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്.
ഭാര്യയുടെ ചികിത്സാ സംബന്ധമായി ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപകൻ .സമീപത്തെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കിടങ്ങൂർ എസ്. എച്ച്. ഒ ബിജു കെ. ആർ പറഞ്ഞു.
https://www.facebook.com/Malayalivartha



























