അനുപമ കുഞ്ഞുമായി ആന്ധ്രായിലേക്ക് പോകുമോ? അങ്ങോട്ടുപോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ട്, എപ്പോള്‍ എത്തിയാലും ദമ്പതികൾക്ക് കുഞ്ഞിനെ കാണാം, തെറ്റുചെയ്തത് ഞാനോ മകനോ അല്ലെന്ന് അനുപമ

ആന്ധ്രായിലേക്ക് പോയി കുഞ്ഞിനെ ഇതുവരെ നോക്കിയ കുഞ്ഞിനെ ദമ്പതികളെ കാണാൻ ആലോചിക്കുന്നുണ്ടെന്ന് അനുപമ. അവര്‍ എപ്പോള്‍ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും കുഞ്ഞിനെ ദത്തെടുത്ത അവര്‍ക്ക് നീതികിട്ടണമെന്നും അനുപമ പറഞ്ഞു.
മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാര്‍ക്ക് അനുപമ നന്ദിയും അറിയിച്ചു. കുഞ്ഞിന് ഇനി എയ്ഡന്‍ അനു അജിത്ത് എന്ന പേരിലാവും അറിയപ്പെടുകയെന്നും അനുപമ പറഞ്ഞു. 'എയ്ഡന്‍' എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥം. ഐറിഷ് പുരാണങ്ങളില്‍നിന്നുമാണ് എയ്ഡന്‍ എന്ന പേരു വന്നത്.
കോടതിയിൽ നിന്ന് കുഞ്ഞുമായി ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലില്‍ എത്തിയ ശേഷമായിരുന്നു പിന്നീട് കുഞ്ഞുമായി അനുപമ സൂഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങിയത്. കുഞ്ഞിനെ താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും.
എന്നാല്‍ ഇനി കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സമര രീതി മാറ്റുമെന്നും അനുപമ പറഞ്ഞു. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുപമ കൂട്ടിച്ചേർത്തു.
ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.
ദത്തു നല്‍കപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്ക്ക് കൈമാറാന്‍ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബക്കോടതി ഉത്തരവിട്ടതോടെ നീതിക്കായി അനുപമ നടത്തിയ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനാണ് സമാപ്തിയായത്. ജഡ്ജിയുടെ സാന്നിധ്യത്തില്‍ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്ന അപൂര്‍വ്വ മൂഹൂര്‍ത്തത്തിനും കോടതി സാക്ഷിയായി.
https://www.facebook.com/Malayalivartha
























