കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം, അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്ത് നിന്ന് ബാഗ്ലൂരിലേക്ക് പോയ കെ.എസ്. ആര്‍. ടി.സി സ്‌കാനിയ ബസ്

തിരുവനന്തപുരത്ത് നിന്ന് ബാഗ്ലൂരിലേക്ക് പോകുകയായിരുന്ന കെ. എസ്. ആര്‍. ടി.സി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല.
ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പാണ് അപകടത്തില്‍പെട്ടത്.മുന്നില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു.
അതേസമയം കോട്ടയത്ത് കോടിമത പാലത്തിന് സമീപം അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാറ് മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ആദ്യം മിനി കണ്ടെയ്നര്‍ ലോറിയിലും തുടര്‍ന്ന് മൂന്നു കാറിലും ചെന്നിടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും പൊലീസിന്റെയും ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തമാണ്.
ചങ്ങനാശേരിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. കോടിമത പാലത്തിന് തൊട്ടുമുന്‍പാണ് വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ,ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു.
വലത് ഭാഗത്തെ ഇടി കാരണം ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിയതോടെ കൂടുതല്‍ നിയന്ത്രണം നഷ്ടമായ കാര്‍ കോട്ടയത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 3 കാറുകളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മറ്റ് വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. കണ്ടെയ്നര്‍ ലോറിയുടെ ഡിസല്‍ ടാങ്ക് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. റോഡിലെ ഡീസല്‍ കഴുകി കളഞ്ഞു. പരുക്കേറ്റ 3 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























