മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയില്‍ പില്ലറില്‍ ചെന്നിടിച്ചുണ്ടായ അപകടത്തില്‍ 22 കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റില്‍

മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയില്‍ പില്ലറില്‍ ചെന്നിടിച്ചുണ്ടായ അപകടത്തില്‍ 22 കാരിക്ക് ദാരുണാന്ത്യം.
ആലുവ എടത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ കെ.എം. മന്‍സിയയാണ് (സുഹാന) ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പത്തടിപ്പാലത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സുഹൃത്ത് പാലക്കാട് വല്ലപ്പുഴ കരമ്പാറ്റ വീട്ടില്‍ സല്‍മാനുള്‍ ഫാരിസിനെ (26) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന വരാപ്പുഴ പള്ളിയാക്കല്‍ വീട്ടില്‍ ജുബിനെ അപകടത്തിനുശേഷം കാണാതായത് ദുരൂഹതയുണര്‍ത്തിയിരുന്നു
മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാള്‍ അപകടത്തിനുശേഷം റോഡരികില്‍ കിടന്ന് ഉറങ്ങിപ്പോയതാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്. രാവിലെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് മന്‍സിയ അപകടത്തില്‍ മരിച്ചത് ജുബിനെ അറിയിച്ചു. ഭീതിയിലായ ഇയാള്‍ വരാപ്പുഴയിലെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു.
പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കാര്‍ തലകീഴായായി മറിഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് മന്‍സിയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഒരാള്‍ കുറുകെ ചാടിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് പറയുന്നത്. വ്യക്തത വരാന്‍ പൊലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
അതേസമയം കാര്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. 29ന് രാത്രി 10ന് വീട്ടില്‍ നിന്നിറങ്ങിയ യുവതി ജുബിനൊപ്പമാണ് എറണാകുളത്തെത്തിയത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമെന്ന് പറഞ്ഞാണ് മന്‍സിയ വീട്ടില്‍ നിന്നിറങ്ങിയത്. ഫാരിസിന്റെ കാറില്‍ നഗരത്തില്‍ ചുറ്റിയടിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളത്ത് നിന്ന് ഭക്ഷണം കഴിച്ചതും പാലാരിവട്ടം പിന്നിട്ടതും മാത്രമേ ഫാരിസിനും ജുബിനും ഓര്‍മ്മയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് സ്വന്തമായി ബിസിനസ് നടത്തുകയാണ് ഫാരിസ്. ടൈല്‍സ് തൊഴിലാളിയാണ് ജുബിന്‍.
സുഹൃത്തിന്റെ കാര്‍ വാങ്ങിയാണ് ഫാരിസ് എറണാകുളത്തെത്തിയത്. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മന്‍സിയ. മോഡലിംഗും ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി മൂന്ന് മാസം മുമ്പാണ് ഫാരിസിനെ പരിചയപ്പെട്ടത്. സുഹൃത്ത് വഴിയാണ് ജുബിന്‍ മന്‍സിയയുമായി സൗഹൃദത്തിലാകുന്നത്.
കൂടുതല്‍ അളവില്‍ മദ്യപിച്ചിരുന്ന ജുബിനും ഫാരിസിനും അപകടത്തെക്കുറിച്ച് വ്യക്തമായ ഓര്‍മ്മയില്ല. ഇന്ന് വിശദമായി മൊഴിയെടുക്കും.
"
https://www.facebook.com/Malayalivartha

























