നൈസായി തടി തപ്പി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു... സെർച്ച് കമ്മിറ്റി പിരിച്ചു വിട്ടത് ഗവർണറല്ലേ! നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ബിന്ദു...

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുതാര്യമാണെന്നും ഗവർണർ ഇക്കാര്യം വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിമർശിച്ചതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദുവും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
കണ്ണൂർ വിസി നിയമനവിവാദത്തിൽ എല്ലാറ്റിലും ഗവർണറെ പഴിചാരി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയാണ് മന്ത്രി ആർ ബിന്ദു തടിതപ്പിയത്. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തു നൽകിയത് ഏതു ചട്ടപ്രകാരമെന്നു മാധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിഭ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.
സെർച്ച് കമ്മിറ്റി പിരിച്ചു വിട്ടതിനെക്കുറിച്ചു ഗവർണറോടു ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ചോദ്യങ്ങളിൽ നിന്നും സ്വമേധയാ ഒഴിഞ്ഞു മാറുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അപാകതകൾ ഉണ്ടെന്ന് ഹൈക്കോടതി അറിയിച്ചിട്ടില്ല. നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാർഹമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികൾക്കു കോടതി വിധി ആവേശം പകരും.
അക്കാദമിക മികവ് തുടരാൻ വിസിക്കും വിധി ഗുണകരമാകും. സർക്കാരും ഗവർണറും തമ്മിലും ചാൻസലറും പ്രൊ ചാൻസലറും തമ്മിലുമുള്ള ആശയ വിനിയമയങ്ങൾ മാദ്ധ്യമങ്ങളുടെ മുന്നിൽ ചർച്ച ചെയ്യുന്നത് ധാർമ്മികതയല്ല. അത് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ആണെന്നും അതിന്റെ മാന്യത കാത്ത് സൂക്ഷിക്കണമെന്നുമാണ് ആർ. ബിന്ദുവിന്റെ നിലപാട്.
വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി കൊണ്ട് ഗവർണർ മാന്യത കാണിച്ചില്ലെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ പിതാവിന്റെ പ്രായമുള്ളയാളാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവ സമ്പത്തു കൊണ്ടും ജീവിത പരിചയം കൊണ്ടും ഉയരത്തിൽ നിൽക്കുന്നയാളെപ്പറ്റി അങ്ങനെ പറയാൻ താൻ തയാറല്ലെന്നാണ് ആർ ബിന്ദു പറഞ്ഞത്.
ഗവർണർ തുറന്നുവിട്ട സർവ്വകലാശാലാ വിവാദത്തിൽ സർക്കാറിനെ ഏറ്റവും വെട്ടിലാക്കിയത് കണ്ണൂർ വിസി പുനർനിയമനം തന്നെയാണ്. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയത് പിടിവള്ളിയാക്കി വിവാദങ്ങളെ നേരിടാനാണ് സർക്കാർ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ.
വി.സിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഉപഹര്‍ജിയും കോടതി തള്ളി.
https://www.facebook.com/Malayalivartha