തലസ്ഥാനം ഞെട്ടും... തലസ്ഥാനത്തെ ലുലുമാളിന്റെ ഉദ്ഘാടനം ഇന്ന്; പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നാളെ മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും; ബൈപാസില്‍ ഇനി ഗതാഗത കുരുക്കും

രാജ്യത്തെ ഏറ്റവും വലിയ ലുലു മാള്‍ ഇന്ന് തിരുവനന്തപുരത്ത് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലുമാള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ലുലു മാളിലെ സെന്‍ട്രല്‍ ഹാളില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടനം. ലുലുഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരംകോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.
രണ്ട് ലക്ഷം ചതുരശ്രയടി, വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന മറ്റുല്‍പ്പനങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇത് കൂടാതെ ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ടെക്‌നോളജി ട്രെന്‍ഡുകളുമായി ലുലു കണക്ട്, ഫാഷന്‍ ലോകത്തെ തുടിപ്പുകള്‍ അണിനിരത്തുന്ന ലുലു ഫാഷന്‍ സ്‌റ്റോര്‍, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തന്‍ അനുഭവം നല്‍കുന്നതാണ് മാള്‍. 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇവക്കു പുറമെ ഖാദി ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവും നിങ്ങളെ കാത്തിരുന്നു.
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഷോപ്പിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ കുടുംബത്തിനൊപ്പം രുചികരമായ ഭക്ഷണം കൂടി കഴിക്കാം. പല രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2500പേര്‍ക്ക് ഇരിക്കാന്‍ ആകുന്ന ഫുഡ് കോര്‍ട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാര്‍ ബക്ക്‌സ് മുതല്‍ നാടന്‍ വിഭവങ്ങള്‍ വരെ ഒരുക്കി കഫേകളും റസ്‌റ്റോറന്റ്കളും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വിനോദത്തിന്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫണ്‍ട്യൂറ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്ററും മാളില്‍ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഫണ്‍ട്യൂറ നിര്‍മ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മാളില്‍ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈന്‍ വേറിട്ട അനുഭവമാണ് ഓരോരുത്തര്‍ക്കും ഒരുക്കുക. സിപ്പ് ലൈന്‍ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാന്‍ കഴിയും. അത്യാധുനിക മികവോടെ PVR സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീന്‍ സൂപ്പര്‍ പ്ലക്‌സ് തിയേറ്ററും സജ്ജമാകുന്നുണ്ട്.
തിരുവനന്തപുരത്തെ ലുലു മാള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും നിരവധിയാണ്. 15,000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 ഓളം പേര്‍ ലുലു ഗ്രൂപ്പിന്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളില്‍ ഇതിനകം ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 100ലധികം പേര്‍ മാള്‍ സ്ഥിതി ചെയ്യുന്ന ആക്കുളത്തിന്റെ 5 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശവാസികള്‍ തന്നെയാണ്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതില്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ഞൂറ് വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് നാളെ മുതലാണ് പ്രവേശനം. രാവിലെ ഒമ്പത് മുതല്‍ മാളിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
"
https://www.facebook.com/Malayalivartha