പ്രഷര്‍ കുക്കറിലും അരിക്കലത്തിലും 17 ലക്ഷം, രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും, എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നീണ്ടത് രാത്രി 12 മണി വരെ

കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. ഫ്ലാറ്റിൻ്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും പന്തളത്ത് 33 സെന്റ് ഭൂമിയും ഇയാൾക്കുണ്ടെന്ന് കണ്ടെത്തി.
ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.ആലുവയിലെ ഫ്ലാറ്റില്‍ രാത്രി 12 മണി വരെ പരിശോധന നീണ്ടു.
വിജിലൻസ് ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ (കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥൻ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്നലെ ഇയാൾ അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 25,000 രൂപ പിടിച്ചെടുത്തിരുന്നു. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുൻ ജില്ലാ ഓഫീസർ ജോസ് മോൻ കേസിൽ രണ്ടാം പ്രതിയാണ്.
പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യൻ അനുബന്ധ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നൽകി. ഇതോടെയാണ് സ്ഥാപന ഉടമ ജോസ് സെബാസ്റ്റ്യൻ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചത്. എന്നാൽ അന്നു മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യൻ പറയുന്നു.
ഒരു ലക്ഷം രൂപയാണ് മുൻ ജില്ലാ ഓഫീസർ ആയ ജോസ് മോൻ ആവശ്യപ്പെട്ടത്. ഒടുവിൽ കൈക്കൂലി നൽകാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു. സ്ഥാപനം പ്രവർത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യൻ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനമാരംഭിച്ചത്.
ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യൻ പറയുന്നു. കോടതിയിൽ അഭിഭാഷകർക്ക് നൽകുന്ന പണം തങ്ങൾ തന്നാൽ പോരെ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായി ജോസ് സെബാസ്റ്റ്യൻ പറയുന്നു.
പണം നൽകിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാൻ ഹാരിസ് പറഞ്ഞതായി ജോസ് സെബാസ്റ്റ്യൻ പറയുന്നു. ഇതോടെയാണ് വിജിലൻസിനെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. അനുമതിക്കായി വിജിലൻസ് നൽകിയ പണവുമായി ഇയാൾ എത്തുകയും പണം കൈമാറിയതോടെ വിജിലൻസ് സംഘം നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha