കേരളം പക്ഷിപ്പനി ഭീതിയിൽ, കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരും

കോട്ടയം ജില്ലയില്‍ നിന്നുള്ള സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂര്‍, അയ്മനം, കല്ലറ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്ബിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടര്‍ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം കളക്‌ട്രേറ്റില്‍ നടന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മൃഗ രോഗ നിയന്ത്രണ പ്രോജക്‌ട് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.
നന്നായി വേവിച്ച മുട്ടയും താറാവ്-കോഴി ഇറച്ചിയും പൂര്‍ണമായും ഭക്ഷ്യയോഗ്യമാണ് പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കയ്യുറയും മാസ്‌കും ഉപയോഗിക്കണം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കുകയോ മറ്റുള്ളവര്‍ക്ക് കഴിക്കാന്‍ നല്‍കാനോ പാടില്ല.
രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ കത്തിച്ചു കളയണം. ജില്ലയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുള്ള പഞ്ചായത്തുകളിലെ ചില കര്‍ഷകരുടെ താറാവിന്‍ കൂട്ടങ്ങളില്‍ കൂടുതല്‍ മരണം ഉണ്ടായിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന താറാവുകളെ ശേഖരിച്ച് പരിശോധനയ്ക്കായി ഭോപ്പാലിലെ ദേശീയ ലാബില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.
പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്. മൃഗസംരക്ഷണ വകുപ്പിൻറെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നശീകരണം.
നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലായി പതിനെട്ടായിരം താറാവുകളെ ആണ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. വൈശ്യം ഭാഗത്ത് ഏഴായിരത്തോളം താറാവുകൾക്ക് രോഗബാധയുണ്ടെന്ന് കർഷകർ പറയുന്നു. മുപ്പതിനായിരത്തോളം താറാവുകളെ നശിപ്പിക്കേണ്ടി വന്നേക്കും എന്നാണ് പ്രാഥമിക കണക്ക്.
https://www.facebook.com/Malayalivartha