പരാജയത്തിൽ നിന്ന് വലിയ പാഠം പഠിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; കെ റെയിലിനെതിരെ രൂക്ഷ വിമർശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ

പരാജയത്തിൽ നിന്ന് വലിയ പാഠം പഠിച്ചു എന്നും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും മെട്രോ മാൻ ഇ ശ്രീധരൻ. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇനി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. ഉപേക്ഷിച്ചെന്ന് ഞാൻ പറയില്ല. പ്രവർത്തിക്കാൻ മോഹമില്ല. എനിക്ക് വയസ് തൊണ്ണൂറായി. തൊണ്ണൂറാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്ക് കേറിചെല്ലുന്നത് അപകടമാണ്. ബി ജെ പിക്ക് പ്രതീക്ഷയുള്ള സമയത്താണ് രാഷ്ട്രീയത്തിൽ വന്നത്. ജയിച്ചാലും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഇല്ലെന്നും, അന്ന് തനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും ശ്രീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തോറ്റപ്പോൾ നിരാശ തോന്നി, ഇനി രാഷ്ട്രീയ മോഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം സിൽവർ ലൈനിനെ ശ്രീധരൻ രൂക്ഷമായി വിമർശിച്ചു. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും, ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ ചേർന്ന അദ്ദേഹം നിലവില്‍ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിച്ചിരുന്നെങ്കിലും ഷാഫി പറമ്പിലിനോട് തോറ്റു. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമായി പോലും ബിജെപി ഉയർത്തിക്കാട്ടിയത് ഈ ശ്രീധരനെയായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി ജെ പി നേതൃത്വവുമായി ഈ ശ്രീധരന്‍ അകലുന്നതായുള്ള വാർത്തകള്‍ പുറത്ത് വന്നിരുന്നു. നിഷ്പക്ഷ പ്രതിച്ഛായയുള്ള കൂടുതൽ ആളുകളെ പാർട്ടിയില്‍ എത്തിക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇ ശ്രീധരന്‍ ബിജെപിയില്‍ എത്തിയത്. സംസ്ഥാന നേതാക്കളെക്കാള്‍ കേന്ദ്ര നേതൃത്വമായിരുന്നു അദ്ദേഹത്തെ പാർട്ടിയില്‍ എത്തിക്കുന്നതിനുള്ള ചരട് വലികള്‍ നടത്തിയത്.
എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തോടെ ബിജെപി അവഗണിക്കുന്നുവെന്ന പരാതി ഇ ശ്രീധരന്‍ ഉയർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന നിലപാട് വ്യക്തമാക്കി ഇ ശ്രീധരന്‍ രംഗത്ത് എത്തിയത്. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്ട്രീയം വിട്ടു എന്നതിന് അർത്ഥമില്ല. സജീവ രാഷ്ട്രീയം മാത്രമാണ് ഉപേക്ഷിക്കുന്നതെന്നും ഇ ശ്രീധരന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ എം എല്‍ എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,' ശ്രീധരന്‍ പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ആവേശത്തോടെ ഉയർത്തിക്കാട്ടിയ പേരായിരുന്നു ഇ ശ്രീധരന്റേത്. സംസ്ഥാനത്ത് അമിത് ഷായും മോദിയുമൊക്കെ നടത്തിയ റാലികളിലെ പ്രധാന താരവും അദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ഏറെ ആവേശകരമായ പോരാട്ടമായിരുന്നു ഇ ശ്രീധരന്‍ നടത്തിയത്.
അവസാന നിമിഷം വരെ വിജയ പ്രതീക്ഷ വെച്ചുപുലർത്താന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അവസാന നിമിഷം ഷാഫി പറമ്പില്‍ വീണ്ടും വിജയിച്ച് കയറി. ഷാഫി പറമ്പിലിന് 54079 വോട്ടും, ഈ ശ്രീധരന് 50220 വോട്ടുമായിരുന്നു ലഭിച്ചത്.കെ റെയിലിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉയർത്തി. സർക്കാർ നടത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണ്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാന്‍ കഴിയുന്ന പദ്ധതിയല്ല ഇത്. എങ്ങനെ പോയാലും പത്ത് വർഷത്തോളം സമയമെടുക്കും. ചിലവും വന്‍ തോതില്‍ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha