'മൂത്രം ഒഴിക്കാൻ പാവാടയാണ് നല്ലത് എന്ന അഭിപ്രായം കുറച്ചുപേർ ഉന്നയിക്കുന്നുണ്ട്. അപ്പോഴും പെണ്ണിൻ്റെ തുടയിടുക്കിനെക്കുറിച്ചാണ് ചിന്ത! ഈ രോഗം ശമിപ്പിക്കുക എന്ന ലക്ഷ്യംകൂടി ജെൻഡർ ന്യൂട്രൽ യൂണിഫോമിനുണ്ട്. ഇതിനെതിരെ കൊലവിളി നടത്തുന്ന ചിലരെയും കണ്ടു...' ജെൻഡർ ന്യൂട്രാലിറ്റി സ്കൂള്‍ യൂണിഫോമിലും, ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ച് സന്ദീപ് ദാസ്
സ്കൂള്‍ യൂണിഫോമിലും ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്നിരിക്കുകയാണ്. ഇത് നമ്മുടെ കേരളക്കര വലിയ ചർച്ചയാക്കി മാറ്റിയിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. വസ്ത്രത്തിലെ തുല്യതയെന്ന മാതൃക ബാലുശ്ശേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വിഷയത്തിൽ പൊതുസമൂഹത്തിനിടയിൽ ഭിന്നസ്വരങ്ങൾ ഉയരുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സന്ദീപ് ദാസ്.
ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരു പ്രായശ്ചിത്തമാണ്. കാലാകാലങ്ങളായി സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന നെറികേടുകൾക്കെല്ലാം ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു ക്ഷമാപണം. പരമ്പരാഗത യൂണിഫോം ധരിച്ച ഒരു വിദ്യാർത്ഥിനി കുനിയുമ്പോഴെല്ലാം നെഞ്ചിൽ കൈ വെയ്ക്കേണ്ടിവരും. ഷർട്ടിൻ്റെ ബട്ടൻസ് മുഴുവനായും ഇടാതെ നടക്കുന്ന ആൺകുട്ടികൾക്ക് ഹീറോ പരിവേഷം കൽപ്പിച്ചുകൊടുക്കുന്ന ഒരു നാട്ടിൽ ജീവിച്ചുകൊണ്ടാണ് പെൺകുട്ടികൾ ഈ ദുരിതം അനുഭവിക്കുന്നത്! എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരു പ്രായശ്ചിത്തമാണ്. കാലാകാലങ്ങളായി സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന നെറികേടുകൾക്കെല്ലാം ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു ക്ഷമാപണം. പരമ്പരാഗത യൂണിഫോം ധരിച്ച ഒരു വിദ്യാർത്ഥിനി കുനിയുമ്പോഴെല്ലാം നെഞ്ചിൽ കൈ വെയ്ക്കേണ്ടിവരും. ഷർട്ടിൻ്റെ ബട്ടൻസ് മുഴുവനായും ഇടാതെ നടക്കുന്ന ആൺകുട്ടികൾക്ക് ഹീറോ പരിവേഷം കൽപ്പിച്ചുകൊടുക്കുന്ന ഒരു നാട്ടിൽ ജീവിച്ചുകൊണ്ടാണ് പെൺകുട്ടികൾ ഈ ദുരിതം അനുഭവിക്കുന്നത്!
ഓടിക്കളിക്കുന്ന സമയത്ത് പെൺകുട്ടികളുടെ പാവാട വലിയ ബുദ്ധിമുട്ടുണ്ടാക്കും. പണ്ട് പി.ടി ഉഷയ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത് തലനാരിഴയ്ക്കാണ്. പാവാട എന്ന സംഗതി എത്രയെത്ര ഉഷമാരെ പ്രാരംഭഘട്ടത്തിൽത്തന്നെ കൊന്നുതള്ളിയിട്ടുണ്ടാവും! സാമ്പ്രദായിക യൂണിഫോം പെൺകുട്ടികളെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നുണ്ടോ? പാവാട ധരിച്ചുകൊണ്ട് ഉയരത്തിൽ പോയി ആത്മവിശ്വാസത്തോടെ നിൽക്കാനാവുമോ? താഴെനിന്ന് തുറിച്ചുനോട്ടങ്ങൾ വരില്ലേ? പഠിച്ച സ്കൂളിലെ കോണിപ്പടിയിൽ സ്വാതന്ത്ര്യത്തോടെ ഇരിക്കാൻ കുഞ്ഞുപാവാടയിട്ട പെൺകുട്ടിയ്ക്ക് സാധിക്കുമോ?
പോക്കറ്റ് എന്ന ബേസിക് ആവശ്യം പോലും നിഷേധിച്ചതിലൂടെ നാം പെൺകുട്ടികൾക്ക് നൂറായിരം അരക്ഷിതാവസ്ഥകൾ സമ്മാനിച്ചു. ബസിൽ കയറുമ്പോൾ പോലും അവർ സ്വന്തം ശരീരത്തെപ്പറ്റി ഭയന്നു. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം കംഫർട്ടബിൾ എന്ന വാക്ക് ഡിക്ഷ്ണറിയിൽ മാത്രം കാണുന്ന ഒന്നായി മാറി. ലിംഗസമത്വ യൂണിഫോം നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുമ്പോൾ ഒട്ടുമിക്ക വിദ്യാർത്ഥിനികളും ഒറ്റ വാക്കിലാണ് ഉത്തരം പറയുന്നത്-കംഫർട്ടബിൾ!
ഈ ആശയം വലിയ വിജയമാണെന്ന് മനസ്സിലാക്കാൻ ആ മറുപടി മാത്രം പോരേ? പഴയ യൂണിഫോമിലൂടെ നാം ഇളംമനസ്സുകളിൽ വേർതിരിവുകളുണ്ടാക്കി. സ്വന്തം ശരീരം തുണികൊണ്ട് കെട്ടിപ്പൊതിഞ്ഞ് വെയ്ക്കാനുള്ള ബാദ്ധ്യത പെണ്ണിന് കൊടുത്തു. ഷോൾ ഇടാത്ത പെൺകുട്ടികളെ പോക്കുകേസുകളായി മുദ്രകുത്തി. ലൈംഗിക ദാരിദ്ര്യമുള്ള നിരവധി തലമുറകൾക്ക് ജന്മം നൽകി.
തുറിച്ചുനോട്ടം അർഹിക്കുന്ന യാതൊന്നുംതന്നെ സ്ത്രീശരീരത്തിലില്ല എന്ന് നമ്മുടെ ആൺകുട്ടികൾക്ക് മനസ്സിലാകണം. അത് കൈവരിക്കാൻ നിരവധി മൈലുകൾ സഞ്ചരിക്കേണ്ടിവരും. ബാലുശ്ശേരി സ്കൂൾ ഏതാനും മീറ്ററുകൾ പിന്നിട്ടുകഴിഞ്ഞു. ആ യാത്ര പൂർത്തിയാക്കേണ്ടത് നമ്മളാണ്. മൂത്രം ഒഴിക്കാൻ പാവാടയാണ് നല്ലത് എന്ന അഭിപ്രായം കുറച്ചുപേർ ഉന്നയിക്കുന്നുണ്ട്. അപ്പോഴും പെണ്ണിൻ്റെ തുടയിടുക്കിനെക്കുറിച്ചാണ് ചിന്ത! ഈ രോഗം ശമിപ്പിക്കുക എന്ന ലക്ഷ്യംകൂടി ജെൻഡർ ന്യൂട്രൽ യൂണിഫോമിനുണ്ട്. ഇതിനെതിരെ കൊലവിളി നടത്തുന്ന ചിലരെയും കണ്ടു.
ഒരു കൂട്ടം പുരുഷകേസരികൾ പെണ്ണുങ്ങളുടെ തലയിൽ ചവിട്ടിത്തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പെണ്ണുങ്ങളെ ഭൂമിയോളം താഴ്ത്തി. അടുത്ത ലക്ഷ്യം പാതാളം. അതിലപ്പുറം ഒരു ലോകമുണ്ടെങ്കിൽ അങ്ങോട്ടും! പാതാളത്തിലേയ്ക്ക് സ്വമനസ്സാലെ താഴ്ന്നുപോയ മഹാബലിയുടെ കാലമല്ല. ചാരത്തിൽ നിന്ന് കുതിച്ചുയരുന്ന ഫീനിക്സുകളായി പെൺകുട്ടികൾ മാറുന്ന യുഗമാണ്. പുത്തൻ യൂണിഫോം ധരിച്ച് ചാടിത്തുള്ളുന്ന കുട്ടികളുടെ ഫോട്ടോ ചെറിയ ഒരു ഡോസ് മാത്രം. ഇവിടുത്തെ ലൈംഗിക മനോരോഗികൾക്കുള്ള യഥാർത്ഥ മരുന്ന് പുറകെ വരും. കാത്തിരിക്കുക...!
Written by-Sandeep Das
https://www.facebook.com/Malayalivartha