രോഗി കറങ്ങിയടിച്ച് കൊറോണ പരത്തുന്നു.... കൊവിഡ് പ്രതിരോധത്തിന് പിന്നാലെ ഒമിക്രോൺ നിരീക്ഷണവും പാളി! ഈശ്വരാ എല്ലാം കൈവിട്ടു പോയോ?

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ചയെന്ന കണ്ടെത്തൽ. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് കേന്ദ്ര മാർഗ നിർദ്ദേശം അനുസരിച്ച് കഠിനമായ ക്വാറന്റൈൻ വ്യവസ്ഥകളാണ് നിലവിലുള്ളത്.
എന്നാൽ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ പെടാത്തതിനാൽ ഇയാൾക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് ലംഘിച്ച ഇയാൾ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാംപിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വന്ന് ഇയാള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക തയ്യാറെടുക്കുന്ന അവസരത്തിലാണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതര്‍ മനസിലാക്കുന്നത്. ഒമിക്രോണ്‍ വൈറസിന് മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലായതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച ഒരു വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും.
ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.
ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും 5 പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണ്.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.
എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും. വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണം. അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha