പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന... സഞ്ജിത് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം! നിർണായക വിവരമെന്ന് സൂചന.....

പാലക്കാട് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് പരിശോധന നടത്തുന്നത്. കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വ്യക്തമായതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലകളിലെ ഓഫീസുകളിലാണ് പോലീസ് പരിശോധന നടക്കുന്നത്. സഞ്ജിത് കൊലപാതകത്തിൽ ഇതുവരെ മൂന്ന് പ്രതികളെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരുൾപ്പടെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തിയത്. കേസിൽ ഗൂഢാലോചന നടത്തിയവർക്കെതിരെയും പോലീസ് അന്വേഷണം തുടരുന്നുണ്ട്.
നേരത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂർ പെരിങ്ങത്തൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് PFI പ്രസിഡന്റ് അബ്ദുൾ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്റഫ് എം.കെയുടെ എറണാകളുത്തെ വീട്, അഷ്റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. നേതാക്കളുടെ വീട്ടിൽ നിന്നും വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകൾ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തു വകകൾ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തിയിരുന്നു. സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ ഉൾപ്പെടെ 5 അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha