കാനമേ കാണാം കേട്ടോ... വന്ന് വന്ന് സിപിഎമ്മിന് ഒരു പാര്‍ട്ടിക്കാരേയും പുറത്താക്കാന്‍ പറ്റാത്ത അവസ്ഥ; ആരെ പുറത്താക്കിയാലും സിപിഐക്കാര്‍ ഏറ്റെടുക്കുന്നു; രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം; ഗവര്‍ണര്‍ വിഷയത്തിലും ഒരു താങ്ങ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിന് വീണ്ടും കല്ലുകടിയാകുകയാണ്. ആര്‍ക്കെതിരെയും പാര്‍ട്ടിക്ക് അച്ചടക്ക നടപടിയെടുക്കാന്‍ കഴിയുന്നില്ല. അവരെ ഉടന്‍ സിപിഐലേക്കെടുക്കും. ഇതിനെതിരെ പരസ്യമായി എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടും ഒന്നും മാറ്റമില്ല. കാനം അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.
സി.പി.എമ്മില്‍നിന്നടക്കം സി.പി.ഐ.യിലേക്ക് പലരും വരുമെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. സാമൂഹികമാറ്റത്തിന് ഒരുമിച്ചുനിന്ന് പോരാടാന്‍ തയ്യാറായിവരുന്നവരെ സ്വാഗതം ചെയ്യും. രാഷ്ട്രീയലക്ഷ്യവുമായി വരുന്നവരെ സ്വീകരിക്കില്ലെന്നും കാനം പറഞ്ഞു. സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ സി.പി.ഐ.യിലേക്ക് വരുമോയെന്ന ചോദ്യത്തിന് 'പലരും വരും, അത് സസ്‌പെന്‍സ്' എന്നായിരുന്നു മറുപടി.
ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളവര്‍ പരസ്പരംമാറുന്നതില്‍ നഷ്ടമൊന്നുമില്ല. റോഡ് മുറിച്ചുകടക്കുന്നത് പോലെയുള്ള കാര്യമാണത്. സി.പി.എമ്മിലുള്ളവര്‍ സി.പി.ഐ.യില്‍നിന്ന് പോയവരാണ്. കൂടുതല്‍ പഞ്ചായത്തുകളില്‍ പ്രാതിനിധ്യമുറപ്പാക്കുകയും, പ്രഹരശേഷി കൂടുകയും ചെയ്ത പാര്‍ട്ടിയായി സി.പി.ഐ. മാറിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
ഓരോ ജില്ലയില്‍നിന്നും മറ്റു പാര്‍ട്ടികളിലെ പ്രാദേശികനേതാക്കളടക്കം സി.പി.ഐ.യിലേക്ക് വരുന്നത് ജില്ലാസെക്രട്ടറിമാര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യോഗശേഷം നടന്ന പത്രസമ്മേളനത്തില്‍ കാനം പറഞ്ഞു.
അതേസമയം പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാട് തെറ്റാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം. ഇതു പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചത്. ഇത്തരത്തില്‍ അന്വേഷണം നടക്കുന്നു എന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നു രാജേന്ദ്രന്‍ മാറി നില്‍ക്കേണ്ടതില്ല എന്നും കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ വിഷയത്തില്‍ കാനം തക്ക സമയത്ത് കാല് മാറുകയും ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ശുപാര്‍ശക്കത്ത് നല്‍കിയ മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയെ സിപിഐ തള്ളിപ്പറഞ്ഞു. മന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നു കരുതുന്നില്ലെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. മന്ത്രിയുടെ ശുപാര്‍ശയെ ന്യായീകരിക്കാന്‍ നോക്കുന്ന സര്‍ക്കാരിനെയും സിപിഎമ്മിനെയും സിപിഐയുടെ ഈ പരസ്യ പ്രതികരണം വെട്ടിലാക്കി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണു പാര്‍ട്ടിയുടെ അതൃപ്തി കാനം പരസ്യമാക്കിയത്.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയോ ഇല്ലയോ എന്നൊന്നും പറയുന്നില്ലെന്നു കാനം കൂട്ടിച്ചേര്‍ത്തു.ഞാന്‍ പറഞ്ഞതു വളരെ വ്യക്തമാണ്. ശുപാര്‍ശ ചെയ്യാനുള്ള അധികാരം മന്ത്രിക്കില്ല. എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്താം എന്നും അദ്ദേഹം പറഞ്ഞു. നിയമനത്തിനു ഹൈക്കോടതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇനി വലിയ സ്‌കോപ് ഇല്ലെന്നും പറഞ്ഞു.
ഗവര്‍ണറുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വിസിയെ നിയമിക്കാനുള്ള സെര്‍ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അടക്കം പ്രതിനിധിയുണ്ട്. അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നു മാത്രമേ വിസിയെ തിരഞ്ഞെടുക്കാന്‍ കഴിയൂ. ആ പാനലില്‍ നിന്നു ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതാണ് കണ്ടുവരുന്നത്. അദ്ദേഹം തന്നെ ഒപ്പിട്ടല്ലേ നിയമനം നടന്നത്? വയസ്സും പുനര്‍നിയമനവും ഒക്കെ പ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടിയിട്ടു കോടതി അതെല്ലാം നിരാകരിച്ചില്ലേ എന്നും കാനം ചോദിച്ചു. ഇതോടെ കാനം പഴയതുപോലെ പാര്‍ട്ടിക്ക് കല്ലുകടിയായി മാറുകയാണ്.
https://www.facebook.com/Malayalivartha