പെട്ടുപോയി താരങ്ങള്‍... യൂട്യൂബറെ ആക്രമിച്ച കേസ് കറങ്ങിത്തിരിഞ്ഞെത്തി; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ കുറ്റപത്രം; മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയില്‍ ഹാജരാകണം; 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ഒരു കരിയോയിലില്‍ ഇത്രയൊക്കെ ഗുണമുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. യൂട്യൂബര്‍ വിജയ്.പി.നായരെ ആക്രമിച്ച കേസ് വീണ്ടും കറങ്ങിത്തിരിഞ്ഞ് വന്നിരിക്കുകയാണ്. ഈ കേസില്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയില്‍ ഹാജരാകണം. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കേസിലെ 3 പ്രതികള്‍.
സ്ത്രീകള്‍ക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ്.പി.നായരെ മര്‍ദിച്ച കേസിലാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ലോഡ്ജില്‍ അതിക്രമിച്ച് കടന്ന് മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷി ഒഴിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൊറിയണം കൊണ്ട് അടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 22 ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്. ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. 2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.
യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.അശ്ലീല പരാമര്‍ശങ്ങളോടെയുള്ള ഈ വീഡിയോ ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയുടെ സംഘം ഇയാള്‍ക്കെതിരെ തിരിഞ്ഞത്. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാള്‍ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങള്‍ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ വീഡിയോ പ്രചരിപ്പിച്ചു എന്ന് പറഞ്ഞാണ് വിജയ് പി നായരെ ഭാഗ്യലക്ഷിമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ പിടികൂടി കയ്യേറ്റം ചെയ്തത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ വിജയ് പി നായര്‍ സ്ത്രീകളെ അവഹേളിച്ച് വീഡിയോ പ്രചിപ്പിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തില്ല എന്ന ആരോപണവുമുയര്‍ന്നു.
വിജയെ ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്തുണച്ച് ധാരാളം പേര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്.
തമിഴ്‌നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി നായര്‍ വെള്ളായണി സ്വദേശിയാണ്. ഇത്തരത്തില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന വിട്രിക്‌സ് സീന്‍ എന്ന യൂട്യൂബ് ചാനലിന് ഇരുപത്തി അയ്യാരത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
വിജയ് പി നായര്‍ യൂ ട്യൂബിലിട്ട വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഭാഗ്യക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായരുടെ താമസ സ്ഥലത്തെത്തി മര്‍ദ്ദിച്ച ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ഭാഗ്യ ലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് കേസ് വീണ്ടും വരുന്നത്.
https://www.facebook.com/Malayalivartha