കേരളത്തില്‍ ഒമിക്രോണ്‍ പിടിവിട്ടുപോകുമോ എന്ന് പരക്കെ ആശങ്ക ... ഒമിക്രോണ്‍ ബാധിതരെ പാര്‍പ്പിക്കാനും നിരീക്ഷിക്കാനും പ്രത്യേക കേന്ദ്രം തുടങ്ങാനും ഒരു മാസത്തോളം ഇവരെ നീരീക്ഷിക്കാനുമുള്ള ആലോചനയില്‍

കേരളത്തില്‍ ഒമിക്രോണ്‍ പിടിവിട്ടുപോകുമോ എന്ന് പരക്കെ ആശങ്ക ഉയരുന്നു. ഒമിക്രോണ്‍ ബാധിതരെ പാര്‍പ്പിക്കാനും നിരീക്ഷിക്കാനും പ്രത്യേക കേന്ദ്രം തുടങ്ങാനും ഒരു മാസത്തോളം ഇവരെ നീരീക്ഷിക്കാനുമുള്ള ആലോചന തുടങ്ങി.
എറണാകുളത്ത് കോംഗോയില്‍ നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്നു വന്നതോടെയാണ് രോഗവാഹകരെ കര്‍ക്കശനിയന്ത്രണത്തിലാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആലോചന നടത്തുന്നത്.
കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ രോഗബാധിതന്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയ സാഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.
സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും ഭാര്യാ മാതാവിനും കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെത്തിയ വിമാനത്തിലെ 32 യാത്രക്കാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്.
ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും. രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാനാണ് പുതിയ നിര്‍ദേശം. സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കുകയും പരിശോധനാ ലാബുകള്‍ സജ്ജമാക്കുകയും ചെയ്തുവരികയാണ്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരാനാണ് തീരുമാനം.
ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ ഒന്നര ലക്ഷം യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ ഒന്‍പതിനായിരം പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരിക്കുകകയുമാണ്.
ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നപ്പോള്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും 5 പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണെന്ന് വ്യക്തമായി.
എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെങ്കിലും വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ജനസമ്പര്‍ക്കങ്ങളും അതിരുവിടുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ നിയന്ത്രണം പാളിപ്പോകാനാണ് സാധ്യത. ഈ സാഹചര്യം മുന്നില്‍കണ്ട് ക്രിസ്മസ് സീസണിലേക്ക് പൊതുവായ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് വൈകാതെ പുറത്തുവിടും.
ബ്രിട്ടനില്‍നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കാണ് കേരളത്തില്‍ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വിദേശത്തുനിന്നെത്തിയത്. വിമാനത്താവളത്തിലെ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവായിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഭര്‍ത്താവ് കോവിഡ് പോസിറ്റീവായത്. പിന്നീട് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഭാര്യയും ഭാര്യാമാതാവും പോസിറ്റീവായി. കോംഗോയില്‍ നിന്നെത്തിയ ആളെ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്ന് അല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ പരിശോധിച്ചിരുന്നില്ല. വീട്ടില്‍ ക്വാറന്റീനിലിരിക്കെ ലക്ഷണങ്ങളെ തുടര്‍ന്നു പരിശോധിച്ചു.
കോവിഡ് ബാധിച്ച് നാലും അഞ്ചും ദിവസങ്ങള്‍ക്കുശേഷമാണ് ഒമിക്രോണ്‍ സ്ഥിരീകരണമുണ്ടാകുന്നതെന്നതാണ് നിലവിലെ വലിയ ആശങ്ക.കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യുകെയില്‍ ആദ്യമരണം സംഭവിക്കുകയും ചെയ്തു. ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി വളരെ ഉയര്‍ന്നതാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിലവിലെ ഡേറ്റ അനുസരിച്ച് ഒമിക്രോണ്‍ മൂലമുളള രോഗതീവ്രത പരിമിതമാണ്. എന്നാല്‍ അതിവ്യാപനശേഷിമൂലം വൈറസ് ബാധിതരുടെ എണ്ണം പെട്ടെന്ന് കൂടാനും ആശുപത്രിസംവിധാനങ്ങളെ താറുമാറാക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് വന്നവര്‍ക്കും വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധിക്കാനുളള പൂര്‍ണ ശേഷിയില്ലെന്നാണ് ഇതുവരെയുളള നിഗമനം. ഇതിനൊപ്പം അതിവ്യാപനശേഷി ഗുരുതരമായ പ്രത്യാഘാതം വരുത്താമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടാന്‍ ഒമിക്രോണ്‍ കാരണമായിട്ടുണ്ട്. എന്നാല് ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയായിട്ടില്ല. രണ്ട് ഡോസ് വാക്സീന്‍ ഒമിക്രോണിനെ തടയാന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയും പറയുന്നത്. രണ്ട് ഡോസ് പ്രതിരോധ വാക്സീന്‍ ഒമിക്രോണിനെ തടയാന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും പറയുന്നു. കൂടുതല്‍ കര്‍ശനമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ ബ്രിട്ടണില്‍ മാത്രം ഒമിക്രോണ്‍ മൂലം 75,000 വരെ മരണങ്ങള്‍ ഉണ്ടാകാമെന്ന മാത്തമാറ്റിക്കല്‍ മോഡലിംഗ് പുറത്തുവന്നുകഴിഞ്ഞു.
"
https://www.facebook.com/Malayalivartha