1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേത്; മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചു; തിരിച്ചുവരാത്ത 194 സഹപ്രവർത്തകർക്കും ഖുക്രിക്കും ഒപ്പം ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയും യാത്രയായി; ശരീരം പോലും തിരികെ വന്നില്ല; മഹേന്ദ്രനാഥ് മുല്ലയെ സ്മരിച്ച് ശ്രീജിത്ത് പണിക്കർ

1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേതെന്ന് ശ്രീജിത്ത് പണിക്കർ. . മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മഹേന്ദ്രനാഥ് മുല്ലയെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 1971 യുദ്ധത്തിന്റെ വിജയദിവസം ആഘോഷിക്കുമ്പോൾ മറക്കാൻ കഴിയാത്ത പേരാണ് ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയുടേത്. ന്യായാധിപരും അഭിഭാഷകരും എഴുത്തുകാരുമുള്ള കുടുംബത്തിൽ നിന്നും പട്ടാളത്തിൽ എത്തിയ കാശ്മീരി പണ്ഡിറ്റ്. അച്ഛൻ ജില്ലാ ജഡ്ജ്. അച്ഛന്റെ അച്ഛൻ ജാലിയൻവാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച ഹണ്ടർ കമ്മീഷൻ അംഗം. അമ്മയുടെ അച്ഛൻ സാഹിത്യകാരൻ.
ഇന്ത്യയിലും ബ്രിട്ടനിലും നിന്ന് നാവിക പരിശീലനം. ഹിന്ദി, ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, റഷ്യൻ ഭാഷകളിൽ പ്രാവീണ്യം. തികഞ്ഞ ദുർഗാ ഭക്തൻ. സ്വാമി വിവേകാനന്ദന്റെ ആരാധകൻ. ഫ്രിഗേറ്റ് സ്ക്വാഡ്രനിലെ സീനിയർ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുല്ലയുടെ നേതൃത്വത്തിൽ രണ്ട് കപ്പലുകൾ ഉണ്ടായിരുന്നു. 1971 യുദ്ധത്തിലെ മുല്ലയുടെ ദൗത്യം ഗുജറാത്തിന് അകലെ അറബിക്കടലിലെ പാകിസ്ഥാൻ അന്തർവാഹിനികളെ തുരത്തുക എന്നതായിരുന്നു.
ഡിസംബർ 9നു രാത്രി 7 മണിക്ക് അഹമ്മദ് തസ്നിം കമാൻഡർ ആയ, സ്രാവ് എന്നു വിളിപ്പേരുള്ള ഫ്രഞ്ച് നിർമ്മിത പാകിസ്ഥാൻ അന്തർവാഹിനി പിഎൻഎസ് ഹാങ്ങോർ ക്യാപ്റ്റൻ മുല്ലയുടെ ബ്രിട്ടീഷ് നിർമ്മിത ബ്ലാക്‌വുഡ് ക്ലാസ് കപ്പൽ ഐഎൻഎസ് ഖുക്രിയെയും ഐഎൻഎസ് ക്രിപാൺ എന്ന കോർവറ്റിനെയും കാത്തുകിടന്നു. രാത്രി 7.57ന് ക്രിപാണിനെ ലക്ഷ്യമാക്കി ഹാങ്ങോർ ആദ്യ ടോർപിഡോ അയച്ചു. എന്നാലത് പൊട്ടിയില്ല.
പുതിയ നിരീക്ഷണ സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യമായ കുറഞ്ഞ വേഗത്തിലായിരുന്നു ഖുക്രിയുടെ പ്രയാണം. വേഗം വർദ്ധിപ്പിച്ച ഖുക്രിയെ ലക്ഷ്യമാക്കി 8.02ന് ഹാങ്ങോർ അടുത്ത ടോർപിഡോ അയച്ചു. അത് പതിച്ചത് ഖുക്രിയുടെ ഇന്ധന ടാങ്കിലാണ്. അതോടെ ഖുക്രിയിൽ വെള്ളം കയറിത്തുടങ്ങി.
ഐഎൻഎസ് കൃപാൺ ഹാങ്ങോറിനെ തുരത്താൻ ശ്രമിച്ചെങ്കിലും ക്രിപാണെ ലക്ഷ്യമാക്കി അടുത്ത ടോർപിഡോയും തൊടുത്തശേഷം ഹാങ്ങോർ അതിവേഗം മടങ്ങി. കൃപാൺ വെട്ടിത്തിരിച്ച് വേഗം കൂട്ടി അപകടം ഒഴിവാക്കി. പിന്നീട് ഖുക്രിയിലെ നാവികരെ രക്ഷിക്കാനായി ഐഎൻഎസ് കത്ച്ചലിനെയും കൂട്ടി കൃപാൺ മടങ്ങിയെത്തി.
ഇതിനകം തകർന്ന ഖുക്രിയെ ഉപേക്ഷിക്കാൻ ക്യാപ്റ്റൻ മുല്ല തീരുമാനിച്ചു. തീരുമാനം കപ്പലിൽ ഉള്ളവരെ അറിയിച്ചശേഷം മുല്ല രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കപ്പലിൽ കൂടുതലായി വെള്ളം കയറുമ്പോഴും മുല്ല അചഞ്ചലനായി തന്റെ ശ്രമം തുടർന്നു. ഒടുവിൽ തന്റെ ലൈഫ് ജാക്കറ്റ് നൽകി അവസാന നാവികനെയും രക്ഷപ്പെടുത്തിയ ശേഷം മുല്ല കപ്പലിന്റെ മുന്നിലെ അറ്റത്തേക്ക് നീങ്ങി. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
കപ്പലിൽ നിന്ന് രക്ഷപ്പെട്ട അവസാന നാവികൻ കമാൻഡർ മനു ശർമ്മ നീന്തുന്നതിനിടയിൽ അരനിമിഷം തിരിഞ്ഞുനോക്കി. കപ്പലിന്റെ മുൻഭാഗം വെള്ളത്തിൽ ഏകദേശം എട്ട് ഡിഗ്രി ചരിവിൽ മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. അദ്ദേഹം കണ്ടത്, കപ്പലിനെ പൂർണ്ണമായും വിഴുങ്ങാൻ വെള്ളമെത്തുമ്പോൾ അചഞ്ചലനായി മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ഒരു കസേരയിൽ ഇരുന്ന് റെയ്ലിങ്ങിൽ പിടിച്ച് തന്റെ സിഗരറ്റിൽ നിന്ന് അവസാന പുകയെടുക്കുന്ന മുല്ലയെയാണ്.
67 പേരെ രക്ഷിച്ചശേഷം മുല്ല സ്വന്തം ഇഷ്ടപ്രകാരം തന്റെ കപ്പലിനൊപ്പം അറബിക്കടലിന്റെ അടിത്തട്ടിലേക്ക്. വിവരം മുല്ലയുടെ കുടുംബത്തെ അറിയിക്കാൻ ചുമതലപ്പെട്ടത് അടുത്ത സുഹൃത്ത് ക്യാപ്റ്റൻ അരവിന്ദ് കുണ്ഡെ. വീരു എന്നായിരുന്നു മുല്ലയുടെ വിളിപ്പേര്. മുല്ലയുടെ വീട്ടിലെത്തി ഭാര്യ സുധയോടും മക്കൾ അമീത, അഞ്ജലി എന്നിവരോടും വീരുവിനെക്കുറിച്ച് ക്യാപ്റ്റൻ കുണ്ഡേ പറഞ്ഞുതുടങ്ങി.
വീരുവിനെ കാണാനില്ലെന്നും മരണപ്പെട്ടെന്നു കരുതാമെന്നും എങ്ങനെ പറയും. ഖുക്രി ടോർപിഡോ ആക്രമണം നേരിട്ടെന്നും അനവധി പേരെ കാണാതായെന്നും വീരു ആൾക്കാരെ രക്ഷിക്കുകയാണെന്നും കുണ്ഡെ പറഞ്ഞൊപ്പിച്ചു. ഉടൻ വന്നു സുധയുടെ പ്രതികരണം: “എന്റെ വീട്ടുകാരൻ തിരിച്ചു വരില്ല. ആരെയും തനിച്ചാക്കി ഒറ്റയ്ക്ക് തിരികെ വരുന്നത് അദ്ദേഹത്തിന്റെ ശീലമല്ല.”
സുധ വെറുതെ ഇരുന്നില്ല. അപകടത്തിൽ കാണാതായ നാവികരുടെ ഭാര്യമാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും സുധ തീരുമാനിച്ചു. മരണാനന്തര ചടങ്ങുകൾക്കായി ഉറ്റവരുടെ ഭൗതികശരീരം പോലും കിട്ടിയില്ലല്ലോ എന്ന് വിലപിച്ച സ്ത്രീകളോട് സുധ പറഞ്ഞു: “ജിസ് ദിൻ മേരാ ഘർവാലാ ആയേഗാ, ഉസ് ദിൻ തുമാരേ ഘർവാലേ ഭീ ആയേംഗേ." എന്റെ വീട്ടുകാരൻ തിരികെ വരുന്ന ദിവസം നിങ്ങളുടെ വീട്ടുകാരന്മാരും തിരികെവരും.
സുധ പറഞ്ഞത് ശരിയായിരുന്നു. സഹപ്രവർത്തകരെ തനിച്ചാക്കി തിരികെ വരുന്ന ശീലം അവരുടെ വീട്ടുകാരന് ഇല്ലായിരുന്നു. തിരിച്ചുവരാത്ത 194 സഹപ്രവർത്തകർക്കും ഖുക്രിക്കും ഒപ്പം ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുല്ലയും യാത്രയായി; ശരീരം പോലും തിരികെ വന്നില്ല. മരണാനന്തരമായി രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം മുല്ലയെ ആദരിച്ചു.
https://www.facebook.com/Malayalivartha