യൂട്യൂബറെ മുറിയില്‍ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം 3 ഫെമിനിസ്റ്റുകള്‍ക്ക് കുറ്റപത്രം, ഫെമിനിസ്റ്റുകള്‍ ഇനി വിചാരണ നേരിടണം, പ്രതികളെ ഡിസംബര്‍ 22 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബര്‍ ആക്രമണക്കേസില്‍ പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികളെ ഡിസംബര്‍ 22 ന് ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കാന്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്.
യൂട്യൂബര്‍ വിജയ്. പി. നായരെ തമ്പാനൂര്‍ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്. തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജിശേഷാദ്രിനാഥന്‍ തള്ളിയിരുന്നു. നിയമം കൈയ്യിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്നും മറ്റുള്ളവര്‍ക്കുമത് പ്രചോദനമാകുമെന്നും കാണിച്ച് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെ വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയത്.
നിയമം കൈയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ല. അക്രമാസക്തരായി 11.28 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷന്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവര്‍ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്.
നിയമത്തെയും നീതിന്യായ നിര്‍വഹണ സിസ്റ്റത്തെയും ബഹുമാനിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അര്‍ഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങള്‍ സ്വയം നടപ്പാക്കിയാല്‍ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളില്‍ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാല്‍ സാധാരണക്കാര്‍ക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെന്‍സ് റൈറ്റ് അസോസിയേഷന്റെ വാദത്തെ സര്‍ക്കാരും പിന്‍താങ്ങിയിരുന്നു.
കസ്റ്റഡിയില്‍ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികള്‍ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികള്‍ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിനെയും സര്‍ക്കാര്‍ എതിര്‍ത്തില്ല..
ഈ ഘട്ടത്തില്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പൊതുതാല്‍പര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്നും അസോസിയേഷന്‍ വാദിച്ചിരുന്നു.
2020 സെപ്റ്റംബര്‍ 26 നാണ് ഫെമിനിസ്റ്റുകള്‍ സംഘം ചേര്‍ന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫെമിനിസ്റ്റുകള്‍ കൈയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകള്‍ വെവ്വേറെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സെപ്റ്റംബര്‍ 28 ന് സമര്‍പ്പിക്കുകയായിരുന്നു.
2020 സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. യൂ ട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സംഘം ചേര്‍ന്ന് യൂട്യൂബര്‍ നേമം തെന്നൂര്‍ സ്വദേശി വിജയ്.പി.നായരെ മര്‍ദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു.11.28 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭവം മുഴുവന്‍ ഫെമിനിസ്റ്റുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
വിജയ് താമസിക്കുന്ന തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലുള്ള ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകള്‍ അരങ്ങ് തകര്‍ത്തത്. തുടര്‍ന്ന് വിജയിന്റെ ലാപ്‌ടോപ്പ് , മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് തമ്പാനൂര്‍ പോലീസില്‍ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയ്യേറ്റവും ബലപ്രയോഗവും ചെയ്‌തെന്ന് കാട്ടി പരാതി നല്‍കി. പരാതിയില്‍ തമ്പാനൂര്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂര്‍ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരില്‍ തമ്പാനൂര്‍ പോലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തല്‍) , 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 506 ( ഭീഷണിപ്പെടുത്തല്‍) , 392 ( പിടിച്ചുപറിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ 3 ഫെമിനിസ്റ്റുകള്‍ക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.
തങ്ങള്‍ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകള്‍ വെവ്വേറെ സമര്‍പ്പിച്ച തങ്ങളുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജാമ്യമില്ലാ കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ തമ്പാനൂര്‍ പോലീസിന് നിര്‍ദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. തങ്ങള്‍ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചത്. കൃത്യത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേല്‍ക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.
അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിന്റെ യൂടൂബില്‍ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരന്‍ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരാള്‍ കണ്ടതായാണ് വീഡിയോയില്‍ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകള്‍ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.
"
https://www.facebook.com/Malayalivartha