പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മുപ്പതു കഴിഞ്ഞ വ്യക്തി വിവാഹം ചെയ്തു; ആദ്യരാത്രിയിലെ ക്രൂരമായ ബലാൽസംഗത്തിൽ ഇടുപ്പെല്ലൊടിഞ്ഞ് രക്തം വാർന്ന് ഫുൽ മണി കൊല ചെയ്യപ്പെട്ടു; ശൈശവ വൈവാഹിക ബലാൽസംഗത്തിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഫുൽ മണി; 18 ൽ നിന്ന് 21 ലേക്ക് വിവാഹ പ്രായമുയർത്തുമ്പോൾ ഫുൽ മണിമാർ ഇരുപതിലെത്തും മുൻപ് സ്വാതന്ത്യത്തിൻ്റെ ഇടുപ്പെല്ല് തളർന്ന് വീഴുന്ന കാഴ്ചകൾ മായുമായിരിക്കുമെന്ന് ഡോ. അരുൺകുമാർ

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഡോ.അരുൺകുമാർ. ഫുൽ മണി ദാസി എന്ന ബംഗാളി ബാലികയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങൾ കേട്ടിട്ടുണ്ടോ ഫുൽ മണി ദാസി എന്ന ബംഗാളി ബാലികയെ കുറിച്ച്.
1889 ലാണ് പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫുൽമണിയെ മുപ്പതു കഴിഞ്ഞ ഹരിമോഹൻ മൈത്തി ശൈശവ വിവാഹം ചെയ്യുന്നത്. ആദ്യരാത്രിയിലെ ക്രൂരമായ ബലാൽസംഗത്തിൽ ഇടുപ്പെല്ലൊടിഞ്ഞ് രക്തം വാർന്ന് ഫുൽ മണി കൊല ചെയ്യപ്പെട്ടു. വൈവാഹിക ബലാൽസംഗം കുറ്റമായി കാണാത്ത (ഇന്നും) ക്രിമിനൽ നിയമം (ഐ പി സി 375) ഹരിമോഹനെ കുറ്റവിമുക്തനാക്കി.
മുറിവേൽപ്പിച്ചതിന് പന്ത്രണ്ട് മാസം നിർബന്ധിത തൊഴിൽ മാത്രം ശിക്ഷ. ശൈശവ വൈവാഹിക ബലാൽസംഗത്തിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളിൽ ഒരാൾ മാത്രമായിരുന്നു ഫുൽ മണി. 1891 ൽ തന്നെ ഏജ് കൺസൻറ് ബിൽ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കി, വിവാഹപ്രായം 12 വയസ്സിലേക്ക് ഉയർത്തി . ബില്ലിനെതിരെ ബംഗാളിലെ കാളിഘട്ടിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനെത്തിയത് ഇരുപതിനായിരത്തോളം സനാതന ധർമ്മക്കാർ.
ഹിന്ദുമതാചാരത്തിൽ സർക്കാരിൻ്റെ കൈ കടത്തൽ എന്നാരോപിച്ച് പ്രതിഷേധ നിരയിൽ വിവാഹ പ്രായം 10 മതി എന്ന് മുദ്രാവാക്യം മുഴക്കിയതിൽ ഒരാൾ ബാലഗംഗാധര തിലകനായിരുന്നു. ഇന്ന് തിലകൻ്റെ പിൻമുറ 18 ൽ നിന്ന് 21 ലേക്ക് വിവാഹ പ്രായമുയർത്തുമ്പോൾ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലന്ന് നന്നായറിയാം. റിയൽ പൊളിറ്റിക്കൽ ഗെയിമിൻ്റെ ഒരു കരു നീക്കം മാത്രമാണത്.
പക്ഷെ ഈ നീക്കം അകാല വൈവാഹിക അടിമത്തം കുറച്ചു കാലത്തേക്ക് എങ്കിലും അകറ്റി നിർത്തും. പോക്കറ്റുള്ള ഷർട്ടിട്ട് ,പോക്കറ്റിൽ സാമ്പാദ്യം നിറച്ച് സ്ത്രീകൾക്ക് 'തൻ്റെ ഇടം' കണ്ടെത്താനുള്ള സമയം നൽകും. ഇത്തിരിക്കൂടി വളർന്ന ഫുൽ മണിമാർ ഇരുപതിലെത്തും മുൻപ് സ്വാതന്ത്യത്തിൻ്റെ ഇടുപ്പെല്ല് തളർന്ന് വീഴുന്ന കാഴ്ചകൾ മായുമായിരിക്കും.
https://www.facebook.com/Malayalivartha