പഴകിയ ചോറ്, ബീഫ്, ചിക്കൻ, ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, എട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗര പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധന കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങൾ. എട്ടോളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഈ ഹോട്ടലുകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പൊതു ഓടകളിലേക്ക് മലിനജലം ഒഴുക്കുന്ന ഹോട്ടലുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച ഹോട്ടൽ ഉടമകളിൽ നിന്നും 2000 രൂപ മുതൽ പിഴ ഈടാക്കും. തുടർന്നും ഇത് ആവർത്തിച്ചാൽ ഹോട്ടലിന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പഴകിയ ചോറ്, ബീഫ്, ചിക്കൻ, ഭക്ഷ്യയോഗ്യമല്ലാത്ത ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, മീൻ കറി, മീൻ വറുത്തത്. അവിയൽ, തോരൻ തുടങ്ങിയ പഴകിയ സാധനങ്ങൾ പരിശോധനയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha