23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി : മുന്‍ എം.ഡി.കെ.എ.രതീഷടക്കം മൂന്നു പ്രതികള്‍ ഹാജരാകാന്‍ സി.ജെ.എം കോടതിയുടെ അന്ത്യശാസനം... ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളി, സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനാല്‍ അഴിമതി നിരോധനവകുപ്പ് സി ബി ഐ ഒഴിവാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്

സംസ്ഥാന വിജിലന്‍സ് എഴുതിത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നല്‍കി. ജനുവരി 27ന് ഹാജരാകാനാണ് സിജെഎം ആര്‍. രേഖ അന്ത്യശാസനം നല്‍കിയത്. ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഡിസംബര്‍ 8 ന് ഹാജരാകാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. വീണ്ടും സാവകാശം തേടിയതിനാണ് അന്ത്യശാസനം നല്‍കിയത്. 1 മുതല്‍ 3 വരെ പ്രതികളായ രതീഷ് , ഐ.എന്‍.റ്റി.യു.സി നേതാവ് ഇ.ചന്ദ്രശേഖരന്‍ , കശുവണ്ടി കരാറുകാരന്‍ ജെയ്‌മോന്‍ ജോസഫ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഡാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കോടതി കലണ്ടര്‍ കേസെടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സി ബി ഐ പ്രോസിക്യൂഷന്‍ അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
തുടര്‍ന്ന് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കുറവ് ചെയ്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി ബി ഐ ആദ്യം സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് പരിശോധിച്ച സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളില്‍ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പുകള്‍ ഇല്ലാത്തതിനാല്‍ മജിസ്‌ട്രേട്ട് കോടതി വിചാരണ ചെയ്യേണ്ട കേസാണെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് വിചാരണക്കായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലേക്ക് കേസ് റെക്കോര്‍ഡുകള്‍ അയക്കാന്‍ കോടതിയിലെ ശിരസ്തദാറോട് ഉത്തരവിടുകയായിരുന്നു.
സംസ്ഥാന വിജിലന്‍സ് ഇതേ കേസ് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് 2019 ല്‍ എഴുതിത്തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന കാരണം കാട്ടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റെഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ മെച്ചപ്പെട്ട തെളിവില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളുകയായിരുന്നു.
തന്റെ മകളുടെ വിവാഹത്തീയതിക്ക് മുമ്പായി റഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐ. എന്‍. റ്റി. യു. സി. സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി 2019 ജനുവരി 31 നകം റഫര്‍ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തളളണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിജിലന്‍സ് കോടതിയോട് നിര്‍ദേശിച്ചിരുന്നു.. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വാദം കേട്ട മുന്‍ വിജിലന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ റെഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് വിജിലന്‍സ് കേസ് റദ്ദാക്കുകയായിരുന്നു. അതേ സമയം സംഭവം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷണം നടക്കുന്നതായും വിജിലന്‍സ് കേസ് റദ്ദാക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2015 ഓണക്കാലത്ത് 2,000 ടണ്‍ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടര്‍ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന വിദേശ രാജ്യത്തില്‍ നിന്നും സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്തതില്‍ 2. 86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോര്‍പ്പറേഷന് വരുത്തിയെന്നും തുല്യ തുകക്കുള്ള അനര്‍ഹമായ സാമ്പത്തിക നേട്ടം പ്രതികള്‍ ഉണ്ടാക്കിയെന്നുമാണ് കേസ്.
സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നും കാപ്പക്‌സിലെ ഗുണനിലവാര പരിശോധകന്‍ നിലവാരമില്ലാത്ത തോട്ടണ്ടിക്ക് ഒന്നാം തരം ഗുണനിലവാരമുള്ളതായി വ്യാജ സാക്ഷ്യപത്രം നല്‍കിയതായും 2016 ല്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സിന്റെ എഫ്.ഐ.ആറില്‍ ഉണ്ട്. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാന്‍ അനുമതി തേടി 2018 ല്‍ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
വിജിലന്‍സ് അഴിമതിക്കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ , കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്‌മോന്‍ ജോസഫ്, കൊല്ലം കാപ്പക്‌സിലെ ഗുണനിലവാര പരിശോധകന്‍ ഭുവനചന്ദ്രന്‍ എന്നിവരെയാണ് കേസ് റദ്ദാക്കി വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
"
https://www.facebook.com/Malayalivartha