കടുവ പേടിയിൽ വിറച്ച് ഒരു നാട്; കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം; പ്രതിഷേധവുമായി നാട്ടുകാർ

കടുവ പേടിയിൽ വിറച്ച് ഒരു നാട് മുഴുവൻ. വയനാട് കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണമായതോടെ ഭീതിയിലാണ് നാട്ടുകാർ. കടുവ നാട്ടിൽ തന്നെയുണ്ടെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. പയമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടെ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇപ്പോൾ പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. ഒമ്പത് മുതൽ വ്യാപക തെരച്ചിൽ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കും.
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് കുറുക്കന്മൂലയിലെത്തുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലും കൊണ്ടു പോകും. കഴിഞ്ഞ ദിവസം പശുവിനെ കൊന്ന വീടിന് സമീപത്തും കൂട് സ്ഥാപിച്ചു.
ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുള്ളത്. ഈ പട്ടികയിൽ കുറുക്കൻമൂലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ ഉൾപ്പെട്ടിട്ടില്ല. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് ഇന്ന് അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കടുവ ഭീതിയെ തുടർന്ന് പയ്യമ്പള്ളി വില്ലേജിൽ പാൽ സംഭരണ സമയത്തിലും മാറ്റം വരുത്തിയിരുന്നു. രാവിലെ 8.30നാണ് ഇപ്പോൾ പാൽ സംഭരണം ആരംഭിക്കുന്നത്. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും വരാനും സുരക്ഷ ഒരുക്കാൻ പൊലീസിനെ നിയോഗിച്ചിരിക്കയാണ്.
പ്രദേശത്ത് രാത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സബ് കലക്ടർ ആർ. ശ്രീലക്ഷ്മി കെഎസ്ഇബി അധികൃതർക്കും നിർദേശം നൽകി. ഞങ്ങളുടെ മക്കൾക്ക് എങ്ങനെ ധൈര്യമായി സ്കൂളിൽ പോകാൻ കഴിയും ? പുല്ലരിയാൻ പോകുമ്പോഴും റബർ വെട്ടുമ്പോഴും ഞങ്ങളെ കടുവ അക്രമിക്കില്ലെന്ന് ആർക്ക് പറയാൻ കഴിയും ? തൊഴുത്തിൽ കെട്ടിയ പശു നാളെ കടുവയ്ക്ക് ഇരയാകില്ലെന്ന് എന്താണുറപ്പ്? നാട്ടുകാരുടെ ചോദ്യ ശരങ്ങൾക്ക് മുൻപിൽ വനപാലകർക്കും വ്യക്തമായ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. കടുവ മൂരിക്കിടാവിനെ കൊന്നതറിഞ്ഞ് ഇന്നലെ രാവിലെ പുതിയിടം വടക്കുംപാടം ജോണിന്റെ വീട്ടിലെത്തിയ വനപാലകർക്ക് മുൻപിലാണു സഹികെട്ട നാട്ടുകാർ പൊട്ടിത്തെറിച്ചത്.
കടുവ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ 8 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കൻമൂല, ചെറൂർ, കാടൻകൊല്ലി, കുറുവ ഡിവിഷനുകൾക്ക് പുറമേ ഇന്നലെ മുതൽ പുതിയിടം, പയ്യമ്പള്ളി, കൊയിലേരി, താന്നിക്കൽ ഡിവിഷനിലും നിരോധനാജ്ഞ നിലനിൽക്കുകയാണ്. കടുവയെ പിടികൂടുന്നതു വരെ നിരോധനാജ്ഞ തുടരുമെന്ന് തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി അറിയിച്ചു. കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. കാട്ടിലെ കടുവയെ സർവേ നടത്തി കൃത്യമായി കണ്ടെത്തുന്ന വനം വകുപ്പിന് നാട്ടിലിറങ്ങിയ കടുവയെ 3 ആഴ്ചയായിട്ടും കണ്ടെത്താൻ ആകാത്തതെന്താണെന്നും ചോദ്യം ഉയർന്നു. കടുവയെ പിടികൂടാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടന്ന് വരുന്നതായി ഡിഎഫ്ഒ കെ.കെ. സുനിൽകുമാർ വ്യക്തമാക്കിയിട്ടും പ്രതിഷേധം ശമിച്ചില്ല. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഡിഎഫ്ഒമാരായ കെ.കെ. സുനിൽകുമാർ, രമേശ് ബിഷ്ണോയി, ഷജ്ന കരീം എന്നിവർ ചർച്ച നടത്തുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്.
https://www.facebook.com/Malayalivartha