'കെ-റെയിലില്‍ ശശി തരൂര്‍ നടത്തിയ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും'; പാര്‍ട്ടി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍

കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം പിയുടെ അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.
'കെ-റെയിലില്‍ ശശി തരൂര്‍ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല.അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും. അദ്ദേഹം പാര്‍ട്ടിയെ അംഗീകരിക്കുന്ന ഒരാളാണ്'- സുധാകരന്‍ പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് മുസ്ലീം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.ഇക്കാര്യം കോണ്‍ഗ്രസ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചര്‍ച്ച നടത്തി അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ റെയില്‍ പദ്ധതി അശാസ്ത്രീയമാണെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.
കെ റെയിലിനെതിരെ യു ഡി എഫ് എം പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പുവച്ചിരുന്നില്ല. കെ റയില്‍ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരത്തിനൊരുങ്ങവെ തരൂരിന്റെ വ്യത്യസ്ത നിലപാട് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. കഴിഞ്ഞദിവസം ലുലുമാള്‍ ഉദ്ഘാടനവേദയില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ശശി തരൂര്‍ വാനോളം പുകഴ്ത്തിയതും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമായിരുന്നു ''മുഖ്യമന്ത്രിയുടെ പ്രസംഗം എനിക്ക് വലിയ ഇഷ്‌ടപ്പെട്ടു. നാടിന്റെ വികസനത്തിന് വേണ്ടി അദ്ദേഹം ചെയ‌്ത നല്ല കാര്യങ്ങള്‍ പറയുമ്ബോള്‍ രാഷ്‌ട്രീയം കാണേണ്ട ഒരാവശ്യവുമില്ല. കാരണം ഞാന്‍ വികസനത്തിന് വേണ്ടി നില്‍ക്കുന്ന വ്യക്തിയാണ്. തിരുവനന്തപുരത്തിന്റെ വികസനം കാണാന്‍ എനിക്ക് വലിയ ഇഷ്‌ടമാണ്. കേരളത്തിന്റെ നിലവിലെ പരിതസ്ഥിതി മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന അഭിപ്രായം എനിക്കുണ്ട്.' -എന്നാണ് തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസംഗത്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha