'സ്വന്തം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങളെയും താക്കീതുകളെയും അവഗണിച്ചു കൊണ്ട് തന്റെ പെണ്മക്കളെയെല്ലാം പഠനം കഴിഞ്ഞു ജോലി കിട്ടിയ ശേഷം മാത്രം വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്ത ആ ഉമ്മ തന്നെയാണ്, എന്റെ എക്കാലത്തെയും ആരാധ്യപാത്രം...' വൈറലായി കുറിപ്പ്

തന്റെ വിവാഹം എപ്പോൾ വേണമെന്നത് പെൺകുട്ടികളുടെ ചോയ്സ് ആയി ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത നാട്ടിൽ ഇരുപത്തിയൊന്ന് വയസ്സ് വരെയെങ്കിലും വിവാഹിതയാകാതെ സ്വസ്ഥമായിരിക്കാൻ നിയമം അവൾക്ക് പരിരക്ഷ നൽകുമെങ്കിൽ അത് സ്വാഗതാർഹം തന്നെയെന്ന് പറയുകയാണ് ഷംന എൻ എം.
ഷംന എൻ എം പങ്കുവച്ച കുറിപ്പ് വായിക്കാം;
തന്റെ വിവാഹം എപ്പോൾ വേണമെന്നത് പെൺകുട്ടികളുടെ ചോയ്സ് ആയി ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത നാട്ടിൽ ഇരുപത്തിയൊന്ന് വയസ്സ് വരെയെങ്കിലും വിവാഹിതയാകാതെ സ്വസ്ഥമായിരിക്കാൻ നിയമം അവൾക്ക് പരിരക്ഷ നൽകുമെങ്കിൽ അത് സ്വാഗതാർഹം തന്നെയാണ്... പ്രതിപക്ഷത്തിന്റെ എതിർപ്പിനോട് പുച്ഛം മാത്രം..
നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിമാന സംരക്ഷണത്തിന് വേണ്ടി ഇളംപ്രായത്തിൽ വിവാഹിതരായി സ്വന്തം സ്വപ്നങ്ങൾ പൊലിച്ചു കളഞ്ഞ് ആർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർത്ത ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. നന്നായി പഠിക്കുമായിരുന്നിട്ടും പതിമൂന്ന് വയസ്സിൽ വിവാഹിതയായി പഠനം നിർത്തേണ്ടി വന്നതിൽ ഇന്നും കുണ്ഠിതപ്പെടുന്ന സ്വന്തം ഉമ്മ തന്നെയാണ് ഇങ്ങനെ യാതൊരു നിയമവും നിലവിൽ വന്നിട്ടില്ലാത്ത കാലത്തിന്റെ ഇരയായി ആദ്യം കണ്മുൻപിൽ നിൽക്കുന്നത്.!
സ്വന്തം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങളെയും താക്കീതുകളെയും അവഗണിച്ചു കൊണ്ട് തന്റെ പെണ്മക്കളെയെല്ലാം പഠനം കഴിഞ്ഞു ജോലി കിട്ടിയ ശേഷം മാത്രം വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്ത ആ ഉമ്മ തന്നെയാണ്, എന്റെ എക്കാലത്തെയും ആരാധ്യപാത്രം....
താൻ എത്രവരെ പഠിക്കണം, എപ്പോൾ ജോലി കണ്ടെത്തണം,വിവാഹം കഴിക്കണോ അല്ലെങ്കിൽ വിവാഹം വേണ്ടെന്ന് വയ്ക്കണോ, പ്രസവിക്കണമോ അതോ പ്രസവിക്കാതിരിക്കണമോ, ഇതൊക്കെ എപ്പോൾ ചെയ്യണം?- ഇത്രയൊക്കെ യാതൊരു സമ്മർദ്ദവും കൂടാതെ ഒരു പെൺകുട്ടിയ്ക്ക് തീരുമാനിക്കുവാൻ സ്വാതന്ത്ര്യം കൈ വരുന്ന കാലത്ത് സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും കഴിയുന്ന കാലത്ത് ഈ നിയമങ്ങളൊക്കെയും റദ്ദ് ചെയ്തോട്ടെ... അതുവരെയെങ്കിലും ഇത്തരം മൂക്കുകയറുകൾ (അത് പെൺകുട്ടികൾക്ക് ഉള്ളതല്ല,സമൂഹത്തിന് ഉള്ളതാണ്) നിലവിൽ വരിക തന്നെ വേണം.
NB-ലൈംഗിക അരാജകത്വം,രക്ഷിതാക്കളുടെ ബാധ്യതതീർപ്പും അതിന്മേൽ കൈവരുന്ന ആശ്വാസവും, പഠിക്കുവാൻ കഴിവില്ലാത്ത പെൺകുട്ടികളുടെ ഉപജീവനമാർഗം എന്നൊക്കെയുള്ള വാദഗതികൾ നിരത്തിക്കൊണ്ട് 'കൗമാര വിവാഹ'ത്തെ ന്യായീകരിച്ചു കൊണ്ട് ആരും ഈ പോസ്റ്റിൽ വരേണ്ടതില്ല.
https://www.facebook.com/Malayalivartha