ജീവിതനൈരാശ്യവും ഭാര്യയെക്കുറിച്ച് സംശയവും!! ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറുകത്തി പരാതിയിൽ നിന്നും പിടിച്ചെടുത്തു; കൊലക്കുശേഷം ആത്മഹത്യശ്രമം

പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50) കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറുകത്തി പൊലീസ് പ്രതിയിൽനിന്നു പിടിച്ചെടുത്തു. കഴുത്തറുത്തതിനുശേഷം മരിച്ചെന്ന് ഉറപ്പിക്കാൻ രതിയുടെ കൈത്തണ്ടയും മുറിച്ച നിലയിലാണ്.
രതിയുടെ അലർച്ച കേട്ട് ഓടിയെത്തിയ പരിസരവാസികൾ അടച്ചിട്ട വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.
ജീവിക്കാൻ മാർഗമില്ലാത്തതും ജീവിതനൈരാശ്യവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിന്റെ കാരണമായി ഭർത്താവ് മോഹനൻ പൊലീസിനോട് പറഞ്ഞത്.
മോഹനന് ജോലിയൊന്നുമില്ല. ഭാര്യ പുല്ലൂക്കരയിൽ ടെയ്ലറിങ് ജോലിക്കു പോയാണ് നിത്യവൃത്തി കഴിച്ചു പോന്നിരുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്. വയറിങ് ജോലിക്കാരനായ ധനിത്ത്, ധനുഷ. ഇവരിൽ ധനുഷ വിവാഹിതയാണ്.
കുറച്ചു നാളായി മദ്യപിച്ചിരുന്ന മോഹനൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം പരിക്കേൽപിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെന്നും കസ്റ്റഡിയിലുള്ള മോഹനൻ പൊലീസിനോട് പറഞ്ഞു. മോഹനെൻറ കൈയിലും നെഞ്ചിലും മുറിവേറ്റ പാടുകളുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, സി.ഐ ഷാജു, എസ്.ഐ സൂരജ് ഭാസ്കർ എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവു ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരത്തേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha