വിശ്വസിച്ചാലും ഇല്ലെങ്കിലും... തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തുമ്പുണ്ടാക്കി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഫലം കണ്ടു; തീ കൊളുത്തി കൊന്ന് ഒരു തെളിവും അവശേഷിപ്പിക്കാന്‍ നോക്കി; പക്ഷെ ദൈവത്തിന്റെ ആ തെളിവുകള്‍ സാക്ഷിയായി

ഏത് കൊലപാതകം നടന്നാലും ഒരു തെളിവ് ബാക്കിയുണ്ടാകും എന്നാണ് പറയാറ്. തൃശൂരില്‍ പൂങ്കുന്നത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരു തെളിവല്ല ഒന്നൊന്നര തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഒരിക്കലും തെളിയില്ലെന്ന് കരുതിയ കേസാണ് 24 മണിക്കൂറിനകം പോലീസ് കണ്ടെത്തിയത്.
കേരള പോലീസിനെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന കേസാണിത്. പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇത്രവേഗം പ്രതികളെ പിടികൂടാനായത്. കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണു മൊഴി.
തൃശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ (25) എന്നിവരും ഇവരുടെ സുഹൃത്ത് പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമലുമാണ് (24) പിടിയിലായത്.
പോലീസ് പറയുന്ന സംഭവം വളരെ ഞെട്ടിപ്പിക്കുന്നതാണ്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയും. വീട്ടില്‍ വച്ചു പ്രസവിച്ച കുഞ്ഞിനെ മേഘ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി മൃതദേഹം മാനുവലും അമലും ചേര്‍ന്നു കനാലില്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞത്. യുവതി ഗര്‍ഭിണി ആയ കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.
മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. ചൊവ്വ രാവിലെ 9.30ന് ആണു പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിനു മുന്‍പിലുള്ള കനാലില്‍ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ ഇതേ കവറുമായി രണ്ടു പേര്‍ ബൈക്കില്‍ വരുന്ന ദൃശ്യം കിട്ടിയതോടെ പൊലീസ് ദൃശ്യങ്ങളുമായി ആളുകളെ സമീപിച്ച് ഇതാരാണെന്നു കണ്ടെത്തുകയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു.
കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവല്‍ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുത്തു. മാനുവലും മേഘയും തമ്മില്‍ സൗഹൃദമാണെന്നാണു കരുതിയത് എന്നാണു വീട്ടുകാര്‍ പറയുന്നത്. ഇരുനില വീടാണ് മേഘയുടേത്. അച്ഛനും അമ്മയും താഴത്തെ നിലയിലാണു കിടക്കുന്നത്. മുകളിലെ നിലയിലെ മുറിയില്‍ ശനി രാത്രി 11ന് പ്രസവിച്ചു എന്നാണു യുവതിയുടെ മൊഴി.
അപ്പോള്‍ തന്നെ ബക്കറ്റിലിട്ടു കൊലപ്പെടുത്തി. കട്ടിലിനടിയില്‍ ഒളിപ്പിച്ചു വച്ച മൃതദേഹം ഞായര്‍ രാവിലെയാണു കാമുകനു കൈമാറിയതെന്നും ഇയാളും സുഹൃത്തും ചേര്‍ന്നു ഇത് കനാലില്‍ ഉപേക്ഷിച്ചു എന്നുമാണു പൊലീസ് പറയുന്നത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റേത് കൊലപാതകമാണെന്നു കണ്ടെത്തി. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്.
മകള്‍ പ്രസവിച്ച കാര്യം അച്ഛന്‍ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് മകള്‍ തന്നെ സത്യം വെളിപ്പെടുത്തിയതായി പൊലീസ്. ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് സംഘം വരടിയത്തെ വീട്ടിലെത്തി മകള്‍ പ്രസവിച്ചുവെന്നും കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നും മേഘയുടെ അച്ഛനോട് പറഞ്ഞത്. ഇക്കാര്യം അച്ഛന്‍ നിഷേധിച്ചപ്പോള്‍ മേഘ തന്നെ പുറത്തു വന്ന് പൊലീസ് പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നുവത്രെ. മരിച്ച കുഞ്ഞിനെയാണ് പ്രസവിച്ചതെന്നു പറഞ്ഞ മേഘ, വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്ന കാര്യവും വെളിപ്പെടുത്തി.
മാസങ്ങള്‍ക്കു മുന്‍പ് മകള്‍ക്കു വയറു വേദന ഉണ്ടായപ്പോള്‍ വയറില്‍ അമ്മ ചൂടു പിടിച്ചു കൊടുക്കുകയും മറ്റും ചെയ്തിരുന്നുവത്രെ. തുടര്‍ന്ന് അന്വേഷിച്ചപ്പോഴെല്ലാം ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് മേഘ അവരോടു പറഞ്ഞിരുന്നത് എന്ന് വീട്ടുകാര്‍ പറയുന്നു.
ശനി രാത്രി മുറിയില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണു പ്രസവം നടന്നത്. പിറ്റേന്ന് രാവിലെ 11ന് മാനുവലെത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി കത്തിക്കാന്‍ കൊണ്ടുപോയി. സഹായിക്കാനാണ് അമല്‍ കൂടെക്കൂടിയത്. മുണ്ടൂരില്‍ പെട്രോള്‍ പമ്പില്‍ എത്തി ഡീസല്‍ വാങ്ങിയെങ്കിലും അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു. കുഴിച്ചിടാന്‍ കണക്കുകൂട്ടി പേരാമംഗലത്തെ പാടത്തേക്കു പോയെങ്കിലും അവിടെ കൂടുതല്‍ ആളുകളെ കണ്ടതിനാല്‍ ആ ശ്രമവും ഫലം കണ്ടില്ല. തുടര്‍ന്നാണ് പൂങ്കുന്നത്തെ കനാല്‍ പരിസരത്ത് പോയി ഉപേക്ഷിച്ചത്.
https://www.facebook.com/Malayalivartha