ഒമിക്രോൺ ഭീതിയിൽ കേരളം; 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്, ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു,നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ സമ്പർക്കപ്പട്ടികയിൽ ആരുമില്ല

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 27,842 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 347 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,538 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3036 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 141 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha