തീപ്പൊരി നേതാവെങ്കിലും... പിടി തോമസിന്റെ മരണത്തില്‍ വേദനിച്ച് ബന്ധുക്കളും സുഹൃത്തുക്കളും; തീപ്പൊരി നേതാവായ പിടി തോമസിന്റെ മനസ് കീഴടക്കിയത് മഹാരാജാസിലെ ഉമയുടെ പാട്ട്; അപ്രതീക്ഷിതമായി പിടി തോമസ് പിട പറയുമ്പോള്‍ തികഞ്ഞ നിശബ്ദത

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിന്റെ അന്ത്യാഭിലാഷമാണ് ചന്ദ്രകളഭം എന്ന പാട്ട് കേള്‍ക്കണമെന്ന്. സംസ്‌കാര സമയത്ത് ആ പാട്ട് വയ്ക്കുമ്പോള്‍ മഹാരാജാസിലെ മറ്റൊരു പാട്ടിലേക്കാണ് ഓര്‍മ്മകള്‍ പോകുന്നത്. മരിക്കാത്ത ഓര്‍മ്മകളാണ് സുഹൃത്തുക്കള്‍ക്ക് ഓര്‍ക്കാനുള്ളത്.
മഹാരാജാസ് കോളജിലെ പഠന കാലത്താണ് പി.ടി. തോമസും ഉമയും കണ്ടുമുട്ടുന്നത്. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് പി.ടി. തോമസ്. ഒപ്പം തീപ്പൊരി പ്രസംഗകനും. ഉമ മഹാരാജാസ് കോളജിന്റെ തന്നെ കെഎസ്‌യു വൈസ് ചെയര്‍പഴ്‌സനും ഗായികയും. മഹാരാജാസ് ക്യാംപസില്‍ ഉമ ഒരു പാട്ട് പാടിയതോടെയാണു പി.ടി.യുടെ സൗഹൃദം പ്രണയമായി പൂത്തതെന്നു സഹപാഠികള്‍ പറയുന്നു.
ഉമയ്ക്കു വിവാഹാലോചനകള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് നേരിട്ട് പ്രണയം പറയാന്‍ പി.ടി. ഹോസ്റ്റലില്‍ എത്തിയെങ്കിലും ഒപ്പം കൂട്ടുകാരികള്‍ ഉണ്ടായിരുന്നതിനാല്‍ മടങ്ങി. എന്നാല്‍, അന്നു രാത്രി തന്നെ പി.ടി. ഫോണില്‍ വിളിച്ച് ഇഷ്ടം തുറന്നു പറഞ്ഞു. ഉമയ്ക്കും ഇഷ്ടമായി.
രണ്ടു മതത്തില്‍ പെട്ടവരാകയാല്‍ വിവാഹം അന്ന് അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ റജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി ഉമയ്ക്കായി സാരിയും താലിമാലയും വാങ്ങി നല്‍കി. ബന്ധത്തെ എതിര്‍ത്ത് ഉമയുടെ വീട്ടുകാര്‍ ആദ്യം അകന്നുനിന്നെങ്കിലും മകന്‍ വിഷ്ണു ജനിച്ചതോടെ ഭിന്നത മറന്ന് ഒപ്പം ചേര്‍ന്നു.
വെല്ലൂരിലെ ആശുപത്രിക്കിടക്കയിലേക്കും പി.ടി.യെത്തേടി സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ മറ്റൊരു പാട്ടു നിറഞ്ഞൊരു പിറന്നാള്‍ ആശംസയെത്തി.
പാട്ടു കേട്ട പി.ടി. തോമസ് ആദ്യം ജെറി അമല്‍ദേവിനെ വിളിച്ചു. പിന്നെ ഫ്രണ്ട്‌സ് ഓഫ് പി.ടി. എന്ന സൗഹൃദ സംഘത്തിലെ അംഗങ്ങളെയെല്ലാവരെയും വിളിച്ചു. അസുഖം മാറി എത്രയും വേഗം മടങ്ങി വരാന്‍ ആശംസ നേര്‍ന്നാണു കൂട്ടുകാര്‍ സംസാരം അവസാനിപ്പിച്ചത്.
പി.ടി.യുടെ പിറന്നാളാണെന്നും ഒരു സംഗീതാശംസ തയാറാക്കണമെന്നും ജെറി അമല്‍ദേവിനോട് ആവശ്യപ്പെട്ടത് വേണു രാജാമണിയാണ്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനം ഒരുക്കിയ ജെറി, അതു വേദിയില്‍ അവതരിപ്പിച്ചു. ഈ ഗാനത്തിന്റെ വിഡിയോയാണു പി.ടി.ക്ക് അയച്ചുനല്‍കിയത്. ആശുപത്രിക്കിടക്കയില്‍ വച്ച് പി.ടി. ഈ പാട്ടു കേള്‍ക്കുകയും ചെയ്തു.
വളരെ ജനകീയനായ നേതാവാണ് പിടി തോമസ്. ഇടുക്കി ജില്ലയില്‍ ഉപ്പുതോട് പുതിയാപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12നു ജനിച്ച പി.ടി ദിവസവും 16 കിലോമീറ്ററിലേറെ നടന്നാണു പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പോയത്. 8,9,10 ക്ലാസുകളില്‍ സ്‌കൂള്‍ ലീഡറായി. മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റും കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദപഠന കാലത്ത് സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറും കെഎസ്‌യു ജില്ലാ പ്രസിഡന്റും സര്‍വകലാശാല സെനറ്റ് അംഗവുമായി.
മഹാരാജാസ് കോളജിലെ എംഎ പഠനകാലത്ത് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായിരുന്നു. കോഴിക്കോട്, എറണാകുളം ലോ കോളജുകളില്‍ പഠിച്ച് നിയമ ബിരുദവും നേടി. എന്‍എസ്‌യു ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി.
ജില്ലാ കൗണ്‍സിലില്‍ ഇടുക്കി വാത്തിക്കുടി ഡിവിഷന്റെ കൗണ്‍സിലര്‍ ആയിരിക്കെ തൊടുപുഴയില്‍ നിന്ന് 1991ല്‍ നിയമസഭയിലേക്കു ജയിച്ചു. 96 ല്‍ പി.ജെ.ജോസഫില്‍ നിന്നു പരാജയമേറ്റുവാങ്ങിയെങ്കിലും 2001 ല്‍ പിജെയെ അട്ടിമറിച്ചു. 2006 ല്‍ വീണ്ടും പരാജയം. 3 തിരഞ്ഞെടുപ്പുകളിലും പി.ജെ.ജോസഫ് ആയിരുന്നു എതിരാളി. 2009 ല്‍ ഇടുക്കിയില്‍ നിന്നു ലോക്‌സഭാംഗമായി വിജയിച്ചു. 2014 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 2016 ല്‍ തൃക്കാക്കര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പിടി 2021 ലും തൃക്കാക്കരയില്‍ ജയിച്ചു.
https://www.facebook.com/Malayalivartha