നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്; ജനുവരി 30 ന് മാറ്റി, മാറ്റി വച്ചത്, വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി ഹൈേക്കാടതിയുടെ പരിഗണനയിലായതിനാൽ; കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു, പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി! പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് കോടതി
നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് ജനുവരി 30 ന് മാറ്റി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി വിചാരണ കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി ഹൈേക്കാടതിയുടെ പരിഗണനയിലായതിനാലാണ് 30 ന് മാറ്റി വച്ചത്. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാൻ സിജെഎം ആർ. രേഖ ഉത്തരവിട്ടിട്ടുണ്ട്.
കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. എല്ലാപ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പോലീസ് റിപ്പോർട്ടും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പോലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. വിടുതൽ ഹർജിയുടെ പരിഗണനാ വേളയിൽ കേസ് ശിക്ഷയിൽ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തിൽ തെളിവുകൾ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികൾ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടത്.
കുറ്റ സ്ഥാപനത്തിൽ 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ പോലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോർട്ട് ചാർജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.
https://www.facebook.com/Malayalivartha