കരിങ്കല്ലാണോ മനസ്... പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് കരളലിയിപ്പിക്കുന്ന സുധീഷിന്റെ അവസാന നിമിഷങ്ങള്‍; വെട്ടേറ്റ് വീഴും മുമ്പ് സുധീഷ് കാലില്‍വീണ് കരഞ്ഞപേക്ഷിച്ചു; അല്‍പം പോലും ദയ കാട്ടാതെ പ്രതികള്‍

പോത്തന്‍കോട് സുധീഷ് വധക്കേസിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ പൂര്‍ണമായ ചുരുളഴിഞ്ഞത്. സുധീഷിന്റെ കരളലിയുന്ന അവസാന നിമിഷങ്ങളാണ് പ്രതികള്‍ വിവരിച്ചത്. കരഞ്ഞ് കാല് പിടിച്ചിട്ടും അല്‍പം പോലും ദയ കാട്ടിയില്ല.
ആയുധങ്ങളുമായി അടുക്കലെത്തുമ്പോള്‍ സുധീഷ് കാലില്‍വീണ് ഒന്നുംചെയ്യല്ലേയെന്നു കരഞ്ഞപേക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കി. തിരിച്ച് ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നും വെറുതേവിടണമെന്നും സുധീഷ് പ്രതികളോട് അപേക്ഷിച്ചു. പോലീസ് പറഞ്ഞു. കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ സുധീഷ് ഉണ്ടെന്നറിഞ്ഞുതന്നെയാണ് ഇവിടേക്കെത്തിയത്. ഓടിച്ച് വീട്ടില്‍ കയറ്റുകയായിരുന്നില്ലെന്നും പ്രതികള്‍ മൊഴിനല്‍കി.
പോത്തന്‍കോട് സുധീഷ് വധക്കേസിലെ 11 പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സി.ഐ. കെ.ശ്യാം, എസ്.ഐ. വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ സ്ഥലത്തെത്തിച്ചത്. ജങ്ഷനില്‍ പോലീസ് വാഹനം നിര്‍ത്തി പ്രതികളെ പുറത്തിറക്കിയശേഷം കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി. കൊലപാതകം നടന്നദിവസം വീടിനുള്ളില്‍ നടന്ന സംഭവങ്ങള്‍ പ്രതികള്‍ പോലീസിനു വിവരിച്ചുകൊടുത്തു. തുടര്‍ന്ന് മുറിച്ചെടുത്ത കാല് വലിച്ചെറിഞ്ഞ സ്ഥലത്തും പ്രതികളെ എത്തിച്ചു. അരമണിക്കൂറോളം സമയം തെളിവെടുപ്പ് നടത്തിയശേഷം പ്രതികളുമായി പോലീസ് മടങ്ങിപ്പോയി.
സുധീഷ് വധക്കേസിലെ പ്രതികളെ കനത്ത സുരക്ഷയിലാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ഇവരെ കല്ലൂരില്‍ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
കല്ലൂര്‍ ജങ്ഷനിലും കൊലപാതകം നടന്ന വീടിന്റെ പരിസരത്തും ജനക്കൂട്ടമെത്തി. കല്ലൂര്‍ ജങ്ഷനില്‍ നിര്‍ത്തിയ പോലീസ് വാഹനത്തില്‍നിന്ന് വിലങ്ങണിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ നിര്‍വികാരതയോടെ പോലീസുകാര്‍ക്കൊപ്പം മുന്നോട്ടുനീങ്ങി. ക്രൂരമായ കൊലപാതകം നടത്തിയവര്‍ മുന്നിലൂടെ കടന്നുപോയപ്പോഴും നാട്ടുകാരുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നുമുണ്ടായില്ല. സമാധാനപരമായി തെളിവെടുപ്പ് നടത്താന്‍ ഇത് പോലീസിനെ സഹായിച്ചു.
പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ അന്വേഷണോദ്യോഗസ്ഥനായ പോത്തന്‍കോട് സി.ഐ. കെ.ശ്യാം സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലിനുംശേഷം 24ന് വൈകീട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കണം.
കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളിലിട്ടാണ് 11ന് ഉച്ചയ്ക്ക് പ്രതികള്‍ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്നുമുതല്‍ ഈ വീട്ടില്‍ ആള്‍ത്താമസമില്ല. സജീവും കുടുംബവും ബന്ധുവീട്ടിലാണ് കഴിയുന്നത്.
സുധീഷിനെ കൊലപ്പെടുത്താനായി വന്ന വഴിയും സുധീഷിനെ കണ്ടുമുട്ടിയശേഷം നടത്തിയ ആക്രമണരീതികളും പ്രതികള്‍ പോലീസിനോടു വിവരിച്ചു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തെല്ലും കൂസലില്ലാതെയായിരുന്നു പ്രതികളുടെ മറുപടി. വീടിനുള്ളില്‍ സുധീഷിനെ വെട്ടിവീഴ്ത്തിയ സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു.
സുധീഷിനെ അന്വേഷിച്ചെത്തുമ്പോള്‍ പ്രതികള്‍ പ്രദേശത്തെ മൂന്ന് വീടുകളില്‍ കയറി ജനാലകള്‍ തല്ലിപ്പൊളിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വീടുകളിലേക്ക് പ്രതികളെ കൊണ്ടുപോയില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും പ്രതികള്‍ക്ക് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha