വ്യാജ ചെക്ക് ഡിസ്കൗണ്ട് ചെയ്ത 27 ലക്ഷം രൂപയുടെ അഴിമതി കേസ്; എസ് ബിറ്റി മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ വിധിച്ചു, പിഴ ഈടാകുന്ന പക്ഷം പിഴത്തുകയുടെ 25% സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് നഷ്ടപരിഹാരമായി നൽകാനും വിധിന്യായത്തിൽ കോടതി
വ്യാജ ചെക്ക് ഡിസ്കൗണ്ട് ചെയ്തുള്ള 27 ലക്ഷം രൂപയുടെ അഴിമതി കേസിൽ എസ് ബിറ്റി മാനേജരടക്കം 4 പ്രതികൾക്ക് 8 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം 2 വർഷം അധിക തടവനുഭവിക്കണമെന്നും സിബി ഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു. പിഴ ഈടാകുന്ന പക്ഷം പിഴത്തുകയുടെ 25% സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് നഷ്ടപരിഹാരമായി നൽകാനും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
എസ്ബിറ്റി പാലാ ബ്രാഞ്ച് മാനേജർ എം.പി.മാത്യു , ക്ലാർക്ക് കെ.എസ്. ഗോപീകൃഷ്ണ , വ്യാജ ചെക്ക് ലീഫ് ഡിസ്കൗണ്ടിംഗിനായി ഹാജരാക്കിയ എബി മാത്യു , കോട്ടയത്തെ മലയാളം എഡിബിൾ ഇന്ത്യ ലിമിറ്റഡ് , മലയാളം എക്സ്ട്രാക്ഷൻസ് എന്നീ 2 കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ മാത്യു മാനുവൽ എന്നിവരെയാണ് സി ബി ഐ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവു ശിക്ഷ കൺ കറൻ്റായി ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ളതിനാൽ ചതിക്കലിനായി വ്യാജരേഖ നിർമ്മിച്ച കുറ്റത്തിന് എബി മാത്യു 3 വർഷവും മറ്റു പ്രതികൾ 1 വർഷം വീതവും തടവുശിക്ഷ അനുഭവിക്കണം. കൂടാതെ എല്ലാ പ്രതികളും ചേർന്ന് 9 ലക്ഷം രൂപ പിഴയും ഒടുക്കണം.
2002-03 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി ബാങ്കിനെ വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ നിർമ്മിതരേഖകൾ ഉപയോഗിച്ച് 2 സ്ഥാപനത്തിൻ്റെയും പേരിൽ വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ തയ്യാറാക്കുകയും വ്യാജ ചെക്ക് ലീഫ് ഹാജരാക്കുകയും ഈ ചെക്ക് ലീഫുകൾ വ്യാജമെന്നറിയാവുന്ന ബാങ്ക് ഉദ്യോഗസ്ഥരായ ഒന്നും രണ്ടും പ്രതികൾ തങ്ങളുടെ ഓദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് ഡിസ്കൗണ്ട് ചെയ്ത് 27 ലക്ഷം രൂപ നൽകി പ്രതികൾക്ക് അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുത്തും തുല്യ തുകക്കുള്ള അന്യായ നഷ്ടം ബാങ്കിന് വരുത്തുകയും ചെയ്ത് അഴിമതി നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha