അന്തരീക്ഷത്തിൽ മുഴങ്ങിയത് നിലപാടിന്റെ നായകനേ... നട്ടെല്ലുള്ളൊരു പോരാളി; പി.ടി തോമസിന്റെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ! ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...ആഗ്രഹിച്ചത് പോലെ പി.ടി മടങ്ങി: കണ്ണ് നനഞ്ഞ് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

ജനങ്ങളുടെ പ്രിയനായകന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം. കോണ്‍ഗ്രസിലെ ഒറ്റയാന് കണ്ണീരോടെ വിട നല്കാനെത്തിയത് ആയിരങ്ങള്‍. നിലപാടുകളുടെ ഉറച്ച ഖദര്‍രൂപമായിരുന്ന പി.ടി തോമസിനെ യാത്രയാക്കാനെത്തിയത് പ്രവര്‍ത്തകര്‍ എം,മാത്രമായിരുന്നില്ല.
വിവിധ ദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരേ ശബ്ദത്തില്‍, തൊണ്ട ഇടറി, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കൊച്ചിയിലേക്ക് ഒഴുകിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിക്ക് വിട നല്‍കിയത്.
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പി.ടിയുടെ അന്ത്യാഭിലാഷപ്രകാരമായിരുന്നു സംസ്കാരകര്‍മങ്ങള്‍. മൃതദേഹം ചിതയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍' ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..' എന്ന ഗാനം അന്തരീക്ഷത്തില്‍ പതിയെ മുഴങ്ങുന്നുണ്ടായിരുന്നു.
പിടിയുടെ ആഗ്രഹം അനുസരിച്ച് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. നിലപാടിന്റെ നായകനേ. നട്ടെല്ലുള്ളൊരു പോരാളി തുടങ്ങി പി.ടി.യുടെ ആദര്‍ശവിശുദ്ധി ഉയര്‍ത്തിക്കാട്ടിയ മുദ്രാവാക്യങ്ങള്‍ രാവിലെ മുതല്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.
അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കൊച്ചിയിലെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അഞ്ചരയ്‌ക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചതെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ബാഹുല്യത്തില്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാന്‍ കഴിഞ്ഞത്.
ഇടുക്കി ജില്ലയിലെ ഉപ്പുതോടുള്ള വസതിയില്‍ നിന്നും പുലര്‍ച്ചെ പിടിയുടെ കര്‍മ്മമണ്ഡലമായിരുന്ന കൊച്ചി പാലാരിവട്ടത്തെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ഒഴുക്കായിരുന്നു.
മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് പലരും പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും നേതാക്കളും പാടുപെട്ടു. രാവിലെ ഡിസിസിയിലും ഠൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും സജ്ജീകരിച്ച പൊതുദര്‍ശന വേദികളില്‍ പിടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്കായിരുന്നു.
കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ രാവിലെ മുതല്‍ മൃതദേഹത്തെയും വിലപയാത്രയെയും അനുഗമിച്ചു. രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha