വന്നു കണ്ടു കീഴടക്കിയില്ല... ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രപതി പങ്കെടുത്ത പി.എന്‍. പണിക്കര്‍ പ്രതിമാ അനാവരണച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തെങ്കിലും അണയാതെ തര്‍ക്കം; ഒന്നും മിണ്ടാതെ ഗവര്‍ണര്‍ ബംഗളൂരുവിലേക്ക്; ഇനി എല്ലാം വന്ന് കഴിഞ്ഞിട്ട്

ഇന്നലെ ഗവര്‍ണറും മുഖ്യമന്ത്രിയും കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു. കണ്ടില്ലേ എന്ന് ചോദിച്ചാല്‍ കണ്ടില്ല. അവസാനം പിടി കൊടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ബംഗളൂരുവിലേക്ക് പോകും. അതോടെ അണയാതെ ചാന്‍സലര്‍ പദവി നില്‍ക്കുകയാണ്.
വിവാദമുണ്ടായശേഷം രണ്ടാഴ്ചയോളം തിരുവനന്തപുരത്തില്ലാതിരുന്ന ഗവര്‍ണര്‍ ഇന്നലെയാണ് രാജ്ഭവനില്‍ തിരിച്ചെത്തിയത്. ചെന്നൈയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം രാത്രിയോടെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഇന്നലെ രാവിലെ രാഷ്ട്രപതി പങ്കെടുത്ത പി.എന്‍. പണിക്കര്‍ പ്രതിമാ അനാവരണച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഈ ചടങ്ങിനുമുമ്പോ ശേഷമോ ഇരുവരും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നില്ല. വേദിയിലും ഇരുവരും തമ്മില്‍ സംസാരമുണ്ടായില്ല. ഉച്ചകഴിഞ്ഞ് പി.ടി. തോമസ് എം.എല്‍.എയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി എറണാകുളത്തേക്കു പോയി.
കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തിയ പരസ്യവിമര്‍ശനങ്ങളെ തുടര്‍ന്ന് സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ രാഷ്ട്രീയപ്പോര് ശമിപ്പിക്കാനുള്ള ചര്‍ച്ചകള്‍ അങ്ങനെ ഇന്നലെയുമുണ്ടായില്ല.
തര്‍ക്കം പരിഹരിച്ച് ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രിതലത്തില്‍ ഉണ്ടാകുമെന്ന സൂചനകളുണ്ടെങ്കിലും അനൗപചാരിക തലത്തിലുള്ള കൂടിയാലോചനകള്‍പോലും ഇന്നലെവരെ നടന്നില്ലെന്നാണറിയുന്നത്. ഇന്നു വൈകിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബംഗളൂരുവിലേക്ക് പോകും. മുഖ്യമന്ത്രി ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്നുണ്ടായില്ലെങ്കില്‍ 26ന് അദ്ദേഹം മടങ്ങിയെത്തിയശേഷമേ നടക്കൂ.
ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്ഭവനിലാണ് തങ്ങിയത്. ഇന്നു രാവിലെ അദ്ദേഹം മടങ്ങിയശേഷം വൈകുന്നേരംവരെ ഗവര്‍ണര്‍ രാജ്ഭവനിലുണ്ടാകും. ഈ ഇടവേളയില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ കാണുമോയെന്ന് ഉറപ്പായിട്ടില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്നു നടന്നേക്കാനുള്ള സാദ്ധ്യത പ്രചരിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍, രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. അനൗപചാരികതലത്തില്‍ മദ്ധ്യസ്ഥ ഇടപെടലുകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കാനുള്ള സാദ്ധ്യതയും പ്രചരിക്കുന്നുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി അടുത്തിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്ക്കില്ല. തന്റെ ജോലി മന്ത്രിയ്ക്ക് മറുപടി പറയുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വി.സി നിയമന കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവര്‍ണര്‍ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുളള അധികാരം സെര്‍ച്ച് കമ്മിറ്റിയ്ക്കാണെന്ന് പറഞ്ഞു. ചാന്‍സലര്‍ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ മന്ത്രിയ്ക്ക് അധികാരമില്ലെന്ന് സിപിഐയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. രാജിവിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും വിവിധ സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നത്. അതേസമയം വിഷയത്തില്‍ ഉത്തരവില്‍ ഒപ്പുവച്ച ഗവര്‍ണര്‍ക്കാണ് ഉത്തരവാദിത്വമെന്നാണ് സിപിഎം വിഷയത്തില്‍ പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha