എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും, സിനിമയിൽ തഴയപ്പെട്ട കാലത്ത് അദ്ദേഹം ലോണെടുത്ത് സിനിമ ചെയ്തു’; സേതുമാധവന്റെ ജീവിതത്തിലെ അധികമാർക്കുമറിയാത്ത ചില ഏടുകളെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പി

അന്തരിച്ച സംവിധായകൻ സേതുമാധവന്റെ ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. എല്ലാ വലിയ കലാകാരന്മാർക്കും ഒരു കാലത്ത് ജനപിന്തുണ നഷ്ടപ്പെടും. സേതുമാധവനും സിനിമകൾ ഇല്ലാതായി. ആ സമയത്ത് നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് ലോൺ എടുത്ത് ‘മറുപുറം’ എന്ന തമിഴ് സിനിമ നിർമിച്ചു. അതിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സ്വർണ താമര ലഭിച്ചു. ശ്രീകുമാരൻ തമ്പി പറയുന്നു.
സത്യൻ, പ്രേംനസീർ എന്നിവരുടെ അഭിനയ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വ്യക്തിയാണ് സേതുമാധവൻ. ഓടയിൽ നിന്ന് സിനിമ ആയാൽ ആര് അഭിനയിക്കും എന്ന് പഠിക്കുന്ന കാലത്ത് കുറേ ആലോചിച്ചിട്ടുണ്ട്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സത്യന് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം തെളിയിച്ചു. സേതുമാധവൻ സാറിന്റെ സിനിമയിൽ ചെറിയ വേഷങ്ങൾ പോലും അഭിനയിക്കാൻ നടന്മാർ തയാറായിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വം കാണിക്കുന്നുവെന്നും അദേഹം പറഞ്ഞു.
പി. ഭാസ്‌കരൻ ഓർഗനൈസേഷൻ നൽകുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സേതുമാധവന് തന്റെ കൈകൊണ്ട് നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ശ്രീകുമാരൻ തമ്പി ഓർക്കുന്നു. ‘തമ്പിയെ കൊണ്ട് ഞാൻ പാട്ടെഴുതിച്ചിട്ടില്ല, എങ്കിലും എന്നെ ആദരിച്ചതിൽ സന്തോഷം’ എന്ന് സേതുമാധവൻ തന്നോട് പറഞ്ഞതായി ശ്രീകുമാരൻ തമ്പി പറയുന്നു.
സേതുമാധവൻ എന്നത് സിനിമാ സംവിധാനം പഠിക്കാനുള്ള സർവകലാശാലയാണെന്ന് അദ്ദേഹം മറപടിയായി പറഞ്ഞു. അദ്ദേഹമെടുക്കുന്ന ഓരോ ഷോട്ടും കണ്ട് പഠിച്ചാൽ പോലും ഒരാൾക്ക് സിനിമ ചിത്രീകരിക്കാൻ കഴിയുമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
https://www.facebook.com/Malayalivartha