പഞ്ചാബിൽ റെഡ് അലർട്ട്; തിരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ നടുക്കിയ സ്ഫോടനമാണ് ലുധിയാന കോടതി വളപ്പിൽ നടന്നത്. സ്‌ഫോടനം നടന്നതോടെ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. പോലീസിന്റെ പ്രാഥമിക നിഗമനം ഭീകരാക്രമണമാണ് നടന്നതെന്നാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയിരിക്കുകയാണ്. ലുധിയാനയിൽ അടുത്ത മാസം പതിമൂന്ന് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയുണ്ടായി. യൂണിയൻ ഹോം സെക്രട്ടറി അജയ് ഭല്ല ആഭ്യന്തര മന്ത്രി അമിത് ഷായോട് ആക്രമണത്തിന്റെ വിവരങ്ങൾ അറിയിച്ചു . പക്ഷേ കൊല്ലപ്പെട്ട ആളെ കുറിച്ച് കൂടുതലൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാൾ സ്‌ഫോടനം നടത്താനെത്തിയ ചാവേർ ആണെന്ന നിഗമനമാണ് ഇപ്പോൾ ഉള്ളത് . എൻഎസ്ജി സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമായിരുന്നു സ്‌ഫോടനം നടന്നത് . സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തിയായിരുന്നു പഞ്ചാബ് പൊലീസ് കേസ് എടുത്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനെ അട്ടിമറിക്കാനാണ് ദേശവിരുദ്ധ ശക്തികളുടെ ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ആരോപിക്കുകയുണ്ടായി. വീണ്ടും ഭീകരാക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കൂടെ പുറത്ത് വരികയാണ്.
പഞ്ചാബിൽ തിരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കാനും സമൂഹ മാദ്ധ്യമങ്ങളിൽ നിരീക്ഷണം കർശനമാക്കാനും സംസ്ഥാന പോലീസിന് നിർദേശം നൽകുകയും ചെയ്തു . തീവ്രവാദ ആക്രമണ സാധ്യത മുന്നിൽ കണ്ട് ഇതിനോടകം സംസ്ഥാന പോലീസിന് സുരക്ഷാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട് .
ഇപ്പോഴത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആക്രമണങ്ങൾ ഒഴിവാക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുമായി സംസ്ഥാന പോലീസിനെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹ മാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കും. നിലവിൽ കശ്മീരിനേക്കാൾ അപകടകരമായ അവസ്ഥയിലാണ് പഞ്ചാബ് എന്നും അന്വേഷണ ഏജൻസികൾ പറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കൂടുതൽ കണ്ടിരുന്നു . ഇന്ത്യൻ ഭൂപ്രദേശത്ത് ഇവ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപേക്ഷിച്ചതായും കണ്ടെത്തി. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കാൻ സ്ഫോടക വസ്തുക്കളുടെ കള്ളക്കടത്ത് നടക്കുന്നതിനുള്ള സാധ്യത വലുതാണ്.
ലുധിയാന കോടതിയിൽ വ്യാഴാഴ്ച വൈകിട്ട് ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയതിനും കപൂർത്തലയിലെ സിഖ് മതപതാക നശിപ്പിക്കപ്പെട്ടതിനും ആൾക്കൂട്ട ആക്രമണങ്ങൾ നടന്നിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha