എരുമേലിയിൽ മത്സ്യത്തൊഴിലാളിയെ ഇടിച്ചുവീഴ്ത്തി മോട്ടോർ വാഹന വകുപ്പിന്റെ വാഹനം; ഗുരുതര പരിക്കേറ്റ കാളകെട്ടി സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

എരുമേലി കണമലയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി മോട്ടോർ വാഹന വകുപ്പിന്റെ വാഹനം. മത്സ്യ കച്ചവടം നടത്തുന്ന കാളകെട്ടി സ്വദേശി രാജീവിനെ (27) ആണ് ബൈക്കിൽ മത്സ്യവുമായി വരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണമല ഇറക്കത്തിലാണ് സംഭവം.
അമിതവേഗത്തിൽ പാഞ്ഞെത്തിയ എംവിഡിയുടെ വാഹനം വഴിയരികിൽ വാഹനം ഒതുക്കാനൊരുങ്ങിയ രാജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജീവ് റോഡിലേക്ക് തന്നെ തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരിക്കുണ്ട്.
റോഡിൽ കാര്യമായ തിരക്ക് ഇല്ലാതിരുന്നിട്ടും അമിതവേഗത്തിലാണ് എംവിഡി വാഹനം പാഞ്ഞത്. രാജീവിന്റെ വാഹനം എതിർ ദിശയിലായിരുന്നു. പരിക്കേറ്റ രാജീവിനെ ഇതേ വാഹനത്തിൽ കയറ്റി നിലക്കൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പമ്പയിലേക്കും അതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രാജീവ്. കോവിഡ് കാലത്ത് അനാവശ്യമായി വാഹന പരിശോധന നടത്തി ജനങ്ങളിൽ നിന്നും പിഴ ഈടാക്കിയതിന് മോട്ടോർ വാഹന വകുപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങിൽ ഉൾപ്പെടെ ഗുരുതര വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതാനും ആഴ്ചകൾ മുൻപ് കോട്ടയം ചെങ്ങളത്ത് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരെ ബുദ്ധിമുട്ടിച്ചതിനും മോട്ടോർ വാഹന വകുപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha