വെളുത്ത ഷർട്ടും കാലൻ കുടയുമായി ചെട്ടികുളരയിൽ നിന്നും നടന്ന് മ്യൂസിയം വഴി പബ്ലിക് ലൈബ്രറിയിലും കയറി വീട്ടിലേയ്ക്ക് എന്ന ദിനചര്യ തെറ്റാതെ അണ്ണൻ ഇന്നും തിരുവനന്തപുരം നഗരത്തിലെ ഒരു കാഴ്ചയാണ്; ഞങ്ങൾക്കെല്ലാവർക്കും ആർ. രാധാകൃഷ്ണൻ അണ്ണനാണ്; പരിഷത്തിൽ മാത്രമല്ല കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാരുടെ സംഘടനകളിലും പൊതു മണ്ഡലത്തിലും അദ്ദേഹം അണ്ണനാണ്; ആർ. രാധാകൃഷ്ണനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

ആർ. രാധാകൃഷ്ണനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചിരിക്കുകയാണ് ഡോ.തോമസ് ഐസക്ക്. ഞങ്ങൾക്കെല്ലാവർക്കും ആർ. രാധാകൃഷ്ണൻ അണ്ണനാണ്. പരിഷത്തിൽ മാത്രമല്ല കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാരുടെ സംഘടനകളിലും പൊതു മണ്ഡലത്തിലും അദ്ദേഹം അണ്ണനാണ് എന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഞങ്ങൾക്കെല്ലാവർക്കും ആർ. രാധാകൃഷ്ണൻ അണ്ണനാണ്. പരിഷത്തിൽ മാത്രമല്ല കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാരുടെ സംഘടനകളിലും പൊതു മണ്ഡലത്തിലും അദ്ദേഹം അണ്ണനാണ്. കുട്ടികൾക്ക് അണ്ണൻ മാമൻ. 1964 മുതൽ 2001 വരെ ഏജീസ് ഓഫീസിൽ അക്കൗണ്ടന്റായിരുന്നു. ജീവനക്കാർക്ക് ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റിനുള്ള ക്ലാസ് എടുക്കുമായിരുന്നു.
എന്നാൽ അണ്ണനിതുവരെ ഒരു ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റും എഴുതിയിട്ടില്ല. ഔദ്യോഗിക പ്രമോഷനുകൾ വേണ്ടെന്നുവച്ച് സാമൂഹ്യ പ്രവർത്തനങ്ങളിലും ജേർണലിസം അധ്യാപനത്തെ സന്നദ്ധസേവനവുമായി സ്വീകരിച്ചു. ഒരുപക്ഷെ ഏജീസ് ഓഫീസിൽ ജോലിക്ക് കയറുന്നതിന് മുമ്പ് തൈക്കാട് ഹൈസ്കൂളിലെ അധ്യാപകനായിരുന്നതിന്‍റെ സ്വാധീനത്തിൽ നിന്ന് അണ്ണൻ സ്വതന്ത്രനായില്ലയെന്നു വേണം കരുതാൻ.
ഭരണഘടന, യുദ്ധവും സമാധാനവും, ഉപഭോക്തൃ വിദ്യാഭ്യാസം, സ്പോർട്സ്, വികസനം തുടങ്ങിയ വിഷയങ്ങളിൽ അണ്ണന്റെ ക്ലാസ്സുകൾ പ്രസിദ്ധമാണ്. ഓരോ വിഷയവും കേൾവിക്കാരുടെ മനസ്സിലേക്ക് തറച്ചു കയറുന്ന തരത്തിൽ ഉദാഹരണങ്ങളും യഥാർത്ഥ സംഭവങ്ങളും കഥകളും സംയോജിപ്പിച്ചുള്ള ക്ലാസ്സെടുക്കൽ അദേഹത്തിന്റെ സവിശേഷതയാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങളുടെ ഭാഗമായി അണ്ണൻ ക്ലാസ്സെടുക്കാത്ത സ്ഥലങ്ങൾ കേരളത്തിൽ വിരളമാണ്. ശാസ്ത്രസാഹിത്യ പരിഷത് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 14 വർഷക്കാലം തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയിരുന്ന ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ സായാഹ്ന അധ്യാപകനായിരുന്നു. 1973-80 കാലത്ത് ബാംഗ്ലൂർ വൈറ്റ് ഫീല്‍ഡിൽ ഇക്ക്യൂമെനിക്കൽ ക്രിസ്റ്റ്യൻ സെന്‍ററിൽ സാമൂഹിക പ്രവർത്തകർക്കു വേണ്ടിയുള്ള ക്ലാസുകൾ എടുത്തിരുന്നു.
എം.എം. തോമസ് അച്ചൻ രൂപം നൽകിയ വിജിൽ ഇന്ത്യ മൂവ്മെന്‍റിന്‍റെ പ്രവർത്തകനായിരുന്നു. ഐകഫ് ജേർണലിസം ക്യാമ്പുകൾക്കും നേതൃത്വം നൽകി. എറണാകുളം പ്രസ് അക്കാദമിയിൽ ക്ലാസുകൾ എടുത്തിരുന്നു. കേരള യൂണിവേഴ്സിറ്റി സ്റ്റ്യൂഡന്‍റ്സ് സെന്‍ററിൽ നടത്തിയിരുന്ന ഇൻഫർമേഷൻ എംപ്ലോയ്മെന്‍റ് ഗൈഡൻസ് ബ്യൂറോവിൽ ദീര്‍ഘകാലം ജേർണലിസം ക്ലാസുകൾ എടുത്തിരുന്നു.
എറണാകുളം സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്കുള്ള പരിഷത്തിന്റെ കാൽനടജാഥയുടെ ക്യാപ്റ്റൻ അണ്ണനായിരുന്നു. എറണാകുളം, കേരള സാക്ഷരതാ പദ്ധതിയിലെ റിസോഴ്സ് പേഴ്സൺ പരിശീലനത്തിലും അണ്ണന്റെ സംഭാവന ശ്രദ്ധേയമായിരുന്നു.
ഗ്രാമശാസ്ത മാസികയിലേക്ക് വാർത്തകൾ നൽകുന്ന ഗ്രാമീണ റിപ്പോർട്ടറന്മാരെ തയ്യാറാക്കുന്നതായിരുന്നു ആ നൂതന ഇടപെടൽ. ഗ്രാമതലവികസന പ്രശ്നങ്ങൾ, വികസന ഇടപെടലുകൾ, ജനങ്ങളുടെ മുൻകൈയിൽ നടക്കുന്ന സവിശേഷ വികസന മുൻകൈകൾ തുടങ്ങിയ കാര്യങ്ങളെ എങ്ങനെ ഗ്രാമശാസ്ത്രം മാസികയിലേക്കുള്ള വാർത്തകളാക്കാം.
ഡെവലപ്പ്മെന്റ് ജേർണലിസത്തിന്റെ കേരളത്തിലെ ആദ്യ കളരികൾക്ക് നേതൃത്വം നൽകിയ അറിയപ്പെടാത്ത മാധ്യമ പ്രവർത്തകനായിരുന്നു നമ്മുടെ അണ്ണൻ. പിന്നീട് ജനകീയാസൂത്രണത്തിൽ ഗ്രാമതല റിപ്പോർട്ടർമാരെ ഉണ്ടാക്കാനുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത് അണ്ണനാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ അണ്ണന്റെ പ്രധാന സംഭാവന രണ്ടു കാര്യങ്ങളിലായിരുന്നു.
ഒന്നാമതായി, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അധികാര വികേന്ദ്രീകരണത്തിൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ക്ലാസുകൾ പതിവായിരുന്നു. അതിനായി ഓടി നടന്നവരിൽ പ്രധാനിയായിരുന്നു അണ്ണൻ.
രണ്ടാമതായി, ഓഡിറ്റ് സംബന്ധിച്ച ഓഡിറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരിലും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിലവിലുള്ള ധാരണ നവീകരിക്കേണ്ടിയിരുന്നു.
ഓഡിറ്റ് ഭയന്ന് പദ്ധതി നിർവ്വഹണം നടത്താതിരിക്കുക, ഓഡിറ്റുകാരെ തൃപ്തരാക്കാൻ മാത്രം കൃത്രിമരേഖകൾ ചമയ്ക്കുക, ഓഡിറ്റ് ഭയന്ന് അനാവശ്യമായ നിബന്ധനകൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടത് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ മുൻ ട്രഷറി ഡയറക്ടർ എൽ. സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലെ വേണുഗോപാൽ, ഇ.സി. തോമസ് (ഇദ്ദേഹം സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു) തുടങ്ങിയവരുടെ ടീം സെല്ലിൽ രൂപപ്പെട്ടു.
ഈ ടീമിനൊപ്പം ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥരും ചേർന്നു. ഇവർക്കൊപ്പം അണ്ണനും. ഓഡിറ്റിൽ പുലർത്തേണ്ട ക്രിയാത്മക സമീപനം എന്ന് ആമുഖാവതരണം അണ്ണന്റെ തകർപ്പൻ ക്ലാസ്. ഈ ക്ലാസ് കഴിയുന്നതോടെ ഓഡിറ്റിന്റെ അനിവാര്യതയും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഓഡിറ്റ് ഒരു സഹായിയെന്ന തലത്തിലേയ്ക്ക് ചർച്ചയ്ക്കും തുടക്കം കുറിക്കും.
ഓഡിറ്റ് നടത്തുന്നവർ പുലർത്തേണ്ട സമീപനം സംബന്ധിച്ച് വേണുഗോപാലിന്റെ അവതരണവും, അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.സി. തോമസിന്റെ ക്ലാസ്സും കഴിയുന്നതോടെ പരിശീലന ക്ലാസ്സിന്റെ അന്തരീക്ഷം മാറുമായിരുന്നു. ഈ അന്തരീക്ഷ മാറ്റത്തിന്റെ കാറ്റ് വിതക്കുന്നത് അണ്ണന്റെ ക്ലാസ്സ് ആയിരുന്നു.
കിലയിലും ഐഎംജിയിലും ജനപ്രതിനിധി പരിശീലന പരിപാടിയിൽ അണ്ണൻ ദീർഘകാലം റിസോഴ്സ് പേഴ്സൺ ആയിരുന്നു. വെളുത്ത ഷർട്ടും കാലൻ കുടയുമായി ചെട്ടികുളരയിൽ നിന്നും നടന്ന് മ്യൂസിയം വഴി പബ്ലിക് ലൈബ്രറിയിലും കയറി വീട്ടിലേയ്ക്ക് എന്ന ദിനചര്യ തെറ്റാതെ അണ്ണൻ ഇന്നും തിരുവനന്തപുരം നഗരത്തിലെ ഒരു കാഴ്ചയാണ്.
https://www.facebook.com/Malayalivartha