കേരളവും നിയന്ത്രണം ശക്തമാക്കും... രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്നു; ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍; കേരളത്തില്‍ ആകെ 37 കേസുകള്‍; ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ ഡിസ്ചാര്‍ജായി

കോവിഡ് വ്യാപനം കൂടിയ സമാന അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 സംസ്ഥാനങ്ങളിലായി 358 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങി കൊവിഡ് കേസുകള്‍ സജീവമായി നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. ഡല്‍ഹി(67), തെലങ്കാന(38), തമിഴ്‌നാട്(34) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. രാത്രികാല കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം എന്നീ കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുന്നൂറാക്കി കുറച്ചു. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊതുസ്ഥലങ്ങളിലെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍. ഉത്തര്‍ പ്രദേശിന് പുറമെ ഗുജറാത്തിലും എട്ട് സംസ്ഥാനങ്ങളില്‍ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെമുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരും
രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിരോധനാജ്ഞ. അഹമ്മദാബാദ്. വഡോദര, സൂററ്റ്, രാജ്‌കോട്ട്, ഭാവ്‌നഗര്‍, ജാംനഗര്‍, ഗാന്ധി നഗര്‍, ജുനഗഡ് എന്നീ നഗരങ്ങളിലാണിത്. വെളളിയാഴ്ച ഗുജറാത്തില്‍ 98 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 13 എണ്ണം ഒമിക്രോണ്‍ കേസുകളാണ്. ഇതോടെ ആകെ ഒമിക്രോണ്‍ രോഗബാധിതര്‍ 43 ആയി.
സംസ്ഥാനത്ത് ആകെ 668 കൊവിഡ് ആക്ടീവ് കേസുകളാണുളളത്. രാജ്യത്ത് ആകമാനം 358 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കൊവിഡ് പ്രതിദിന കണക്കില്‍ മുന്നില്‍ കേരളമാണ്.
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടിയാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റൈനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
"
https://www.facebook.com/Malayalivartha