കോട്ടയത്ത് ക്രിസ്മസ് തലേന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ റയിൽവേ സ്റ്റേഷനിൽ പോയ പിതാവ് സ്വകാര്യ ബസിടിച്ച് മരിച്ചു; അപകടം നടന്നത് കുര്യൻ ഉതുപ്പ് റോഡിൽ

നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എംകെ മുരളീധരൻ (61) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾക്ക് ക്രിസ്മസ് അവധി ലഭിച്ചിരുന്നു.ആഘോഷങ്ങൾക്കായി എത്തിയ ഏക മകളെ വിളിച്ചുകൊണ്ടുവരാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മുരളീധരനും ഭാര്യയും.
ഇതിനിടെ ചായകുടിക്കാനായി റോഡ് ക്രോസ് ചെയ്ത് പോയതാണ് മുരളീധരൻ. ഇതിന് ശേഷം കാർ പാർക്ക് ചെയ്തിടത്തേക്ക് പോകാനായി തിരികെ റോഡ് ക്രോസ് ചെയ്യവേ മുരളീധരനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഈ സമയം മകളും ഭാര്യയും ഇദ്ദേഹത്തെ കാത്ത് റോഡിന്റെ എതിർവശത്ത് ഉണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം. നാഗമ്പടം ഭാഗത്ത് നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മുരളീധരനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കുര്യൻ ഉതുപ്പ് റോഡിൽ ഗാതാഗതം തടസ്സപ്പെട്ടു. ഭാര്യ: ശ്രീലത കെ.കെ, മകൾ: ലക്ഷ്മി എം നായർ.
https://www.facebook.com/Malayalivartha