ഈ ക്രിസ്മസിന് അവളില്ല!! അവസാനമായി കാണാൻ വന്ന പലരോടും ഞാൻ മോശമായി പെരുമാറി, ഒന്നും മനഃപൂർവ്വമായിരുന്നില്ല: അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്... ഒരുപാട് പേരുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോൾ! ശരണ്യയെക്കുറിച്ച് അമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു ശശി. താരം ഈ വർഷം ആഗസ്റ്റിലാണ് അന്തരിച്ചത്. എല്ലാവരേയും വേദിപ്പിച്ച ഒരു മരണം കൂടിയായിരുന്നു ശരണ്യയ്ക്ക് സംഭവിച്ചത്. ഏറെ നാളുകളായി വിവിധ അസുഖങ്ങളോട് പൊരുതിയാണ് ശരണ്യ കഴിഞ്ഞിരുന്നത്. ഇനിയും വർഷങ്ങളോളം സിനിമയിലും സീരിയലിലും നിറഞ്ഞ് നിൽക്കേണ്ട താരത്തെയാണ് നമുക്ക് നഷ്ടമായത്.
33 ആം വയസിലായിരുന്നു ശരണ്യയുടെ മരണം. ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സർജറിക്ക് വിധേയയായിരുന്നു. കൊവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാളുകള്‍ക്ക് ശേഷമായി ശരണ്യ ശശിയുടെ യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സിറ്റിലൈറ്റ്‌സ് ശരണ്യാസ് വ്‌ളോഗ്‌സ് എന്ന പേരിലാണ് ശരണ്യ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം ശരണ്യ ഈ ചാനലിലൂടെയായാണ് പങ്കിട്ടിരുന്നത്. ഇത്തവണ അമ്മയാണ് സംസാരിച്ചത്. ശരണ്യ പറയുന്ന ഇന്‍ട്രോ കാണിച്ചായിരുന്നു അമ്മ സംസാരിച്ചത്. കഴിഞ്ഞുപോയ കാലം എന്ന പാട്ടും ശരണ്യയുടെ അമ്മ പാടിയിരുന്നു.
സീരിയലുകളിൽ തിളങ്ങി നിൽക്കുമ്പോൾ 2012ലാണ് തലച്ചോറിന് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് എട്ട് വർഷം പത്തോളം സർജറികൾ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുർബലമായി ഭാരവും വർധിച്ചതോടെ ശരണ്യ അഭിനയം നിർത്തി. ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു.
അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. നടി സീമാ.ജി.നായരാണ് ശരണ്യയുടെ ജീവിതത്തിൽ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. ശരണ്യയുടെ മരണം താരത്തിന്റെ അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.
'മകളുടെ മുഖം അവസാനമായി കാണാൻ വന്ന പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂർവ്വമല്ലെന്ന് എല്ലാവരും ഓർക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോൾ.
ഒരുപക്ഷെ ദീർഘകാലം ഇങ്ങനെയൊരു സ്‌നേഹവും പരിഗണനയും ലഭിച്ചൊരു പെൺകുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാൽ സാധാരണ എല്ലാ ഡോക്ടേഴ്‌സും കൈയ്യൊഴിയുകയാണ് പതിവ്. എന്നാൽ ശ്രീചിത്രയിലെ ഡോക്ടർ മാത്യു എബ്രഹാമാണ് ശരണ്യയ്‌ക്കൊരു പ്രത്യേക സ്‌നേഹവും പരിഗണനയും കൊടുത്ത് 10 വർഷം കൈപിടിച്ച് നടത്തിയത്.
സീമ.ജി.നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ... എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേർത്ത സീമയ്ക്ക് ഔപചാരികതയുടെ പേരിൽ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കി നടത്താൻ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു.'
'സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പിലിനും നന്ദി പറയുന്നു. പിആർഎസിലെ ഡോക്ടേഴസിനോടും നന്ദി പറയുന്നു. 10 വർഷം രോഗത്തെ വെല്ലുവിളിച്ച് ശരണ്യ മുന്നോട്ട് പോയി. അതുകഴിഞ്ഞ് രോഗം ശരണ്യയെ വെല്ലുവിളിച്ചു. അവിടെ ഡോക്ടർമാരും തോറ്റുപോയി. അവിടത്തെ ഡോക്ടേഴ്‌സിനോടും നേഴ്‌സുമാരോടുമെല്ലാം നന്ദി പറയുന്നു.
കഴിഞ്ഞ ക്രിസ്മസിനായിരുന്നു യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. അത്രയും മനസ് മടുത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഞങ്ങളുടെ വീട്ടിലെ ചൈതന്യമാണ് കെട്ടുപോയത്. ഈ വീടൊരു സ്വർഗമാണെന്ന് തോന്നുന്നതായാണ് പാലുകാച്ചലിന് വന്നപ്പോൾ ടിനി ടോം പറഞ്ഞത്. സ്വർഗത്തിലെ മാലാഖ ഇവിടെ നിന്നും പോയി. അവളില്ലാത്ത ദീപാവലിയാണ് കടന്നുപോയത്. ക്രിസ്മസും അതുപോലെ... ക്രിസ്മസ് ട്രീ ഇടാനും സ്റ്റാർ വെക്കാനുമൊക്കെ പറഞ്ഞിരുന്നു.
ഈ ക്രിസ്മസിന് അവളില്ല... ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവൾ എന്നുമുണ്ടാകും' ശരണ്യയുടെ അമ്മ പറയുന്നു. ശരണ്യയുടെ മരണം മോളെ പോലെ നടിയെ പരിചരിച്ചിരുന്ന സീമാ.ജി.നായർക്കും ആഘാതമായിരുന്നു. ശരണ്യയുടെ സന്തോഷം നിലനിർത്താൻ വേണ്ടതെല്ലാം എന്നും മുൻകൈയ്യെടുത്ത് ചെയ്തിരുന്നത് സീമ തന്നെയായിരുന്നു.
ട്യൂമർ പിടിപ്പെട്ട് ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോൾ സഹായങ്ങളുമായി ഓടിയെത്തിയതും താമസിക്കാൻ ശരണ്യയ്ക്ക് ഒരു കൊച്ചുവീടും ഒരുക്കി കൊടുത്തത് സീമാ.ജി.നായരും സുഹൃത്തുക്കളും ആയിരുന്നു. ശരണ്യയുടെ വ്ലോഗുകളിൽ എന്നും നിറഞ്ഞ് നിന്നതും സീമ തന്നെയായിരുന്നു. സിനിമയിലേക്കും സീരിയലിലേക്കും തിരികെ വന്ന് സജീവമായി അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം ശരണ്യയ്ക്ക് ഉണ്ടായിരുന്നു.
രോഗം വേട്ടയാടുമ്പോഴും മനോഹരമായ ചിരിയുമായി മാത്രമെ താരത്തെ അടുപ്പമുള്ളവരും ആരാധകരും കണ്ടിട്ടുള്ളൂ. 'അമ്മയ്ക്ക് എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും മുന്നോട്ട് ജീവിക്കുവാനും ശക്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
ശരണ്യ നമ്മുടെ കൂടെ തന്നെ ഉണ്ട്. അമ്മ ഇനിയും വരണം ഞങ്ങൾ ഉറപ്പ് ആയും വീഡിയോ കാണാൻ കാത്ത് ഇരിക്കും, കേരളം മുഴുവൻ ഈ അമ്മക്ക് ഇപ്പോൾ മക്കളുണ്ട്... ശരണ്യയെപ്പോലെ.... ശരണ്യയെ സ്നേഹക്കുന്നവർ... അവർക്ക് വേണ്ടി അമ്മ ഈ ചാനൽ തുടരണം' എന്നിങ്ങനെ നിരവധി ആശ്വസ വാക്കുകളാണ് ശരണ്യയുടെ അമ്മയ്ക്കായി ശരണ്യയെ സ്നേഹിക്കുന്നവർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
https://www.facebook.com/Malayalivartha