തമിഴ്‌നാട്ടില്‍ സ്ഥിരതാമസമായിരിക്കുകയും സിനിമയിലെ കോക്കസ്സുകള്‍ക്കുള്ളില്‍ പെടാതിരിക്കുകയും ചെയ്തതിനാല്‍ മലയാളസിനിമാമേഖലയും മലയാളിയാണ് എന്ന ഒറ്റക്കാരണത്താല്‍ തമിഴ്‌സിനിമാക്കാരും സേതുമാധവന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല; മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവാണ് കെ.എസ്.സേതുമാധവന്‍; മലയാള സിനിമാ ലോകം വേണ്ടത്ര പരിഗണന സേതുമാധവന് നല്‍കിയോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കെ സുരേന്ദ്രൻ

മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവാണ് കെ.എസ്.സേതുമാധവനെന്ന് കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മലയാള സിനിമയുടെ ഗതിക്രമത്തെ മാറ്റിമറിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവാണ് കെ.എസ്.സേതുമാധവന്‍. കോടികളുടെ കിലുക്കം സിനിമാമേഖലയെ ആകെ അടക്കിഭരിക്കുന്ന ഇക്കാലത്ത് നല്ല സിനിമകളെങ്ങനെ ചുരുങ്ങിയ ചെലവിലെടുക്കാം എന്നതിന്റെ പാഠപുസ്തകം കൂടിയാണ് സേതുമാധവന്റെ ചലച്ചിത്രങ്ങള്‍ ഓരോന്നും.
മലയാളത്തിലെ മികച്ച സാഹിത്യകൃതികള്‍ സിനിമകളാക്കിയതിലൂടെ സാഹിത്യം വായിക്കാത്തവരിലേക്കും അവയെത്തിക്കാന്‍ അദ്ദേഹത്തിനായി. അതിലൂടെ മലയാള ചലച്ചിത്രമേഖലയ്ക്കുമാത്രമല്ല, മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വലിയ സംഭാവനകളാണ് കെ.എസ്.സേതുമാധവന്‍ നല്‍കിയത്.
മികച്ച സിനിമകള്‍ സമ്മാനിക്കുകയും നിരവധിയായ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടും മലയാള സിനിമാ ലോകം വേണ്ടത്ര പരിഗണന സേതുമാധവന് നല്‍കിയോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ സ്ഥിരതാമസമായിരിക്കുകയും സിനിമയിലെ കോക്കസ്സുകള്‍ക്കുള്ളില്‍ പെടാതിരിക്കുകയും ചെയ്തതിനാല്‍ മലയാളസിനിമാമേഖലയും മലയാളിയാണ് എന്ന ഒറ്റക്കാരണത്താല്‍ തമിഴ്‌സിനിമാക്കാരും സേതുമാധവന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.
സിനിമയുടെ നൂറു വര്‍ഷങ്ങള്‍ ചെന്നൈയില്‍ വലിയ ആഘോഷമാക്കിയപ്പോള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലും സിനിമകളെടുത്ത സേതുമാധവനെ അതില്‍ ക്ഷണിച്ചതുപോലുമില്ല. തമിഴിലേക്ക് ആദ്യമായി ദേശീയ പുരസ്‌കാരം കൊണ്ടുവന്നത് സേതുമാധവനായിട്ടും അതാരും ആഘോഷമാക്കിയില്ല. എങ്കിലും സിനിമയെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങള്‍ എന്നും അദ്ദേഹത്തെ ഓര്‍ത്തുപകൊണ്ടേയിരിക്കും.
വാഴ്‌വേമായവും കടല്‍പ്പാലവും അരനാഴികനേരവും പണിതീരാത്തവീടും അനുഭവങ്ങള്‍ പാളിച്ചകളും ചട്ടക്കാരിയും ഓപ്പോളും അവിടത്തേപോലെ ഇവിടെയും തുടങ്ങിയ ചലച്ചിത്രങ്ങള്‍ കണ്ട മലയാളിക്കെങ്ങനെ സേതുമാധവനെന്ന പകരംവെക്കാനില്ലാത്ത പ്രതിഭയെ മറക്കാനാകും...അദ്ദേഹമെന്നും മലയാള മനസ്സില്‍ ജീവിച്ചുകൊണ്ടേയിരിക്കും...കെ.എസ്.സേതുമാധവന് ആദരാഞ്ജലികള്‍…
https://www.facebook.com/Malayalivartha