പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസ് പിടിയില്‍...പ്രതികള്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ നിന്നും പിടികൂടി

പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസ് പിടിയിലായി. ആക്രമണം നടത്തിയ ഫൈസല്‍ എന്നയാള്‍ അടക്കം നാലുപേരെയാണ് പോലീസ് പിടികൂടിയത്.
കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതികള്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളി പോലീസ് ലോഡ്ജിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പിന്നീട് ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
അതേസമയം കഴിഞ്ഞ ദിവസമാണ് കാര്‍ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടില്‍ ഷെയ്ക്ക് മുഹമ്മദ് (46) എന്ന ഷാ, ഷായുടെ മകള്‍ എന്നിവര്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി 8.30-ന് പോത്തന്‍കോട് ജങ്ഷനു സമീപമായിരുന്നു സംഭവം നടന്നത്. മാസങ്ങള്‍ക്കു മുമ്പ് പള്ളിപ്പുറത്ത് ജൂവലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്നതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. നാലംഗ സംഘം സഞ്ചരിച്ച കാറിനെതിരേ ഷായുടെ കാര്‍ വന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം നാലംഗ സംഘം കാറില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീകാര്യം ഭാഗത്തുനിന്നും ഷായും മകളും സഞ്ചരിച്ച കാര്‍ ഇവരുടെ കാറിനടുത്ത് എത്തിയത്. കാറിന് റോഡ് മുറിച്ചു കടക്കാന്‍ ഷാ സഞ്ചരിച്ച കാര്‍ പിറകോട്ടെടുക്കാന്‍ പറഞ്ഞെങ്കിലും പുറകെ മറ്റു വാഹനങ്ങളുള്ളതിനാല്‍ കഴിഞ്ഞില്ല.
കാര്‍ പുറകോട്ടെടുക്കാത്തതില്‍ പ്രകോപിതരായ ഗുണ്ടാ സംഘം ആദ്യം ഷായെ ആക്രമിക്കുകയായിരുന്നു. വാപ്പയെ അടിക്കരുതെന്ന് മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ മര്‍ദിക്കുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കു നേരേയായി ആക്രമണം. കാറില്‍ പെണ്‍കുട്ടിയിരുന്ന വശത്ത് വന്ന് അസഭ്യം പറയുകയും തോളിലും മുടിയിലും പിടിച്ചതായും പരാതിയില്‍ പറയുന്നു.ഇതേ സംഘംതന്നെ അതേദിവസം ഏതാനും യുവാക്കളെയും ആക്രമിച്ചിരുന്നു. പോത്തന്‍കോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ സംഘം യുവാവിന്റെ തലയില്‍ ബിയര്‍കുപ്പികൊണ്ട് അടിച്ചു.
നാല് ബിയര്‍ കുപ്പി തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിനുശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha